Wednesday, September 12, 2012

തക്ഷകൻ

എനിക്കുവേണ്ടി മാത്രം ആവാഹിച്ചെടുത്ത ഒരമ്പ് നെഞ്ചിൻ‌കൂടിലേക്കു വന്നു തറയ്ക്കുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോൾ ഒരു മാസം പ്രായമുള്ള എന്റെ മകൾ ഏതോ കിനാവിന്റെ ബാക്കിപത്രമായ പുഞ്ചിരിയുമായി എനിക്കും സുഷമയ്ക്കുമിടയിൽ കൈകാലിട്ടടിച്ച് കളിക്കുകയായിരുന്നു. സുഷമയെ ഉണർത്താതെ കുഞ്ഞിനെ ചേർത്തുപിടിച്ച് ഞാൻ കിടന്നു.സീറോവോൾട്ട് ബൾബിന്റെ പ്രകാശം മുറിയാകെ ശ്വാസം മുട്ടിപ്പിക്കുന്ന ഒരു വാതകമായി നിറയുന്നു.നാസാദ്വാരങ്ങളിലൂടെ അകത്തേക്കു കയറി ശ്വാസകോശത്തെ ഞെരിച്ചു മുറുക്കുന്ന അജ്ഞാതവാതകം. സുഷമയുടെ വസ്ത്രം സ്ഥാനം മാറി കിടക്കുന്നു.നഗ്നമായ തുടകളിലേക്ക് ഒന്നു നോക്കിയിട്ട് ഞാൻ ആ വെളിച്ചം കെടുത്തി.അപ്പോൾ സുഷമ ഒന്നു ഞരങ്ങി തിരിഞ്ഞു കിടക്കുന്നതിനിടയിൽ ചോദിച്ചു: “എന്തിനാ മുകുന്ദേട്ടാ ലൈറ്റു കെടുത്തിയത്?” ഞാൻ ഒന്നും മിണ്ടിയില്ല.നിമിഷങ്ങൾക്കകം സുഷമ വീണ്ടും ഉറക്കത്തിലേക്കു വീണതിന്റെ ശബ്ദം കേട്ടു. ഞാൻ ഒരു ചാർമിനാർ കത്തിച്ച് മുൻ‌മുറിയിലേക്കു വന്നു.വാതിൽ തുറന്ന് പുറത്തെ അരമതിലിൽ ഇരിക്കാൻ തോന്നിയെങ്കിലും ഒന്നു മടിച്ചു.വാതിൽ തുറക്കാൻ ഭയമാണെനിക്ക്. ഇരുളിൽ മറഞ്ഞുനിൽക്കുന്ന ഒരാൾ.വാതിൽ തുറന്നു പുറത്തിറങ്ങുന്ന നിമിഷത്തിനായി എന്റെ ചോരയ്ക്കു ദാഹിച്ചു നിൽക്കുന്ന ഒരു കത്തിമുന. ആ സംഭവത്തിനുശേഷം എന്നും ഇങ്ങനെയാണ്.എനിക്കുവേണ്ടി മാത്രം രാകി മിനുക്കി കാര്യക്ഷമത ഉറപ്പു വരുത്തിയ ഒരു കത്തി എപ്പോഴും ഉള്ളിൽ തിളങ്ങുന്നു.ഒരു കൊടും‌മിന്നലായി ചില നിമിഷങ്ങളിൽ ഹൃദയത്തിൽ അത് പാളുന്നു. നഗ്നപാദങ്ങളിൽ ടൈൽ‌സിന്റെ തണുപ്പല്ല,ചൂടാണനുഭവs¸ടുന്നത്.പള്ളയിൽനിന്നും ചീറ്റിത്തെറിച്ചൊഴുകുന്ന ചോര കാൽക്കൽ തളം കെട്ടിക്കിടക്കുന്നതുപോലെ.മനുഷ്യന്റെ ചുടുചോരയിൽ ചവിട്ടി നിൽക്കുന്ന കാല്പാദങ്ങൾ പൊള്ളുന്നു. കണ്ണടച്ചാലും തുറന്നാലും അതു തന്നെയാണ് കാഴ്ച.ആദ്യത്തെ കുത്തിനുതന്നെ വീണു.തുടർന്ന് എണ്ണം തിട്ടപ്പെടുത്താനാകാത്തത്രയും.ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.ആൿഷൻ വിജയിക്കണം.ഇടയ്ക്ക് വായിലേക്കു തെറിച്ച ചോരത്തുള്ളികൾക്ക് ഉപ്പുരസമുണ്ടായിരുന്നു.ഛർദിക്കാൻ പ്രേരിപ്പിക്കുന്ന ചോരയുടെ ഇറച്ചിമണവും. ഘോരവനത്തിൽ വിശ്രമത്തിലായിരുന്ന തക്ഷകന്റെ ശിരസിലേക്ക് മുനിശാപം ഒരു മിന്നൽ കണക്കെ ദ്രുതഗതിയിൽ പാളി വീണപ്പോൾ ഒരു Zuത്യമാണ് അവനിലേക്കു പതിഞ്ഞത്.തക്ഷകൻ നിരപരാധിയായിരുന്നു.ശൃംഗിയുടെ ശാപം സാർത്ഥകമാക്കുക എന്ന Zuത്യത്തിൽ നിന്നും അവനു പിൻ‌വാങ്ങാൻ കഴിയുമായിരുന്നില്ല! ഏഴു ദിവസമായി ഞാനൊന്നുറങ്ങിയിട്ട്.ഒന്നിനും കഴിയുന്നില്ല.ആസ്വദിച്ച് ഒരു പുക പോലും എടുക്കാൻ കഴിയുന്നില്ല.ഇടനെഞ്ചിൽ ഭാരമുള്ള കരിങ്കല്ല് വിലങ്ങനെ കിടക്കുന്നതുപോലെ. പകലുകൾ പാർട്ടിയാപ്പീസിന്റെ നാലു ചുവരുകൾ നൽ‌കുന്ന സരക്ഷണത്തിൽ എരിഞ്ഞു തീരുന്നു.അതുകൊണ്ടാവാം എന്റെ ഭാവമാറ്റങ്ങൾ ഇതുവരെ സുഷമ കണ്ടുപിടിച്ചില്ല.അവളുടെ ചോദ്യങ്ങളെ നേരിടാൻ ആവതില്ലാതെ അറിയാതെ വല്ലതും പറഞ്ഞുപോയാൽ.... “ആരും അറിയത്തില്ല.”ലോറൻസ് എന്ന സെക്രട്ടറി പറഞ്ഞു.”അവരുടെ നോട്ടത്തിൽ ഇതു ചെയ്തത് പാർട്ടിയാണ്.നീ ഒന്നു വെഷമിക്കാതിരി മുകുന്ദാ.” പ്രതികാരം ചെയ്യുന്നവർ തിരഞ്ഞെടുക്കുന്നത് പാർട്ടിയെയല്ല,വ്യക്തികളെയാണ് എന്ന് മനസ്സിലോർത്തെങ്കിലും പുറത്തു പറഞ്ഞില്ല. “ഒന്നും സംഭവിക്കാത്തപോലെ നടക്കുക.എന്നാലൊന്നു കരുതിയിരിക്കേം വേണം.” ലോറൻസ് ഉപദേശിച്ചു. അറിയാഞ്ഞിട്ടല്ല,കഴിയാഞ്ഞിട്ടാണ്. അന്നത്തെ രാക്ലാസിൽ ആ നിയോഗം എന്റെ ശിരസിലേക്കാഴ്ന്നിറങ്ങുകയായിരുന്നു.എന്തുകൊണ്ട് അപ്പോൾ ഒഴിഞ്ഞുമാറിയില്ല.മെമ്പറമ്മാരുടെയിടയിൽ ഒരു ഒഴിഞ്ഞുമാറ്റം ധൈര്യക്കുറവാണെന്ന അപമാനം നേരിടേണ്ടി വരുന്നത് സഹിക്കാനാവില്ല.ആവേശത്തോടെ,പതിന്മടങ്ങ് ഉശിരോടെ Zuത്യം ഏറ്റെടുത്തു.മുൻ‌കൂട്ടി തയ്യാറാക്കിയ വിധത്തിൽ തന്നെ കൃത്യമായി നടപ്പാക്കുകയും ചെയ്തു. പക്ഷെ,പിന്നീട്..... കുറ്റബോധമാണോ ഭയമാണോ? ഉമിത്തീയിൽ നീറുന്ന ജീവൻ കണക്കെ പൊരിയുകയാണ്.സദാ ഒരു കത്തിമുനയിൽനിന്നുള്ള ഒളിച്ചോട്ടം. പരീക്ഷിത്തിനെ കടിക്കണമെന്ന മുനിശാപം തക്ഷകനിലേക്ക് അമ്പായി തറച്ചിറങ്ങിയതുപോലെ ആ തീരുമാനം എന്നിലേക്കിറങ്ങി വന്നതും നിയോഗമാണ്.തക്ഷകനിയോഗം.മുനിപുത്രൻ ശൃംഗിയുടെ ശാപം തക്ഷകനിലേക്ക് പെയ്തിറങ്ങിയത് ചുട്ടുപൊള്ളുന്ന ഒരു മധ്യാഹ്നത്തിലായിരിക്കണമെന്ന് എനിക്കു തോന്നി.എരിയുന്ന പകലിന്റെ തീക്ഷ്ണജ്വാലകൾ കണക്കെ തന്നെ പൊതിയുന്ന നിയോഗത്തിൽ നിന്നൊഴിഞ്ഞു മാറാൻ തക്ഷകൻ അശക്തനായിരുന്നു.പിന്നെ ശാപത്തിന്റെ സാഫല്യം മാത്രമായിരുന്നു ലക്ഷ്യം.കഠിനമായ പ്രതിബന്ധങ്ങൾ നേരിട്ട് അവൻ ആ Zuത്യം ലക്ഷ്യത്തിലെത്തിക്കുകതന്നെ ചെയ്തു. അവനും കുറ്റബോധത്താൽ ഉരുകിക്കാണില്ലേ?എത്രയോ സങ്കേതങ്ങൾ കയറിയിറങ്ങി ഒളിച്ചു പാർത്തു!അവസാനം ഇന്ദ്രന്റെ അർദ്ധസിംഹാസനത്തിലാണ് അഭയം തേടിയത്. ഞാൻ എന്നാണ് ഒരു സർപ്പസത്രത്തിലേക്ക് ആവാഹിക്കപ്പെടുക?! വീണ്ടും കിടക്കറയിലേക്കു നടന്നു.സുഷമ ബാത്‌റൂമിൽ പോകാനായി എഴുന്നേൽക്കുന്നു.സീറോ വെളിച്ചം മുറിയിൽ പടർന്നിരിക്കുന്നു. “എന്താ മുകുന്ദേട്ടാ?” “ഒന്നുമില്ല.ഒറക്കം വരാതെ കിടന്നപ്പോ ഒരു സിഗററ്റു വലിക്കാൻ പോയതാ.” “ഓരോന്നൊക്കെയോർത്തു കെടന്നിട്ടാ ഒറക്കം വരാത്തെ.ഇങ്ങനേമൊണ്ടോ ഒരു ചിന്ത.” അവൾ ബാത്‌റൂമിലേക്കു പോയി.കുഞ്ഞിപ്പോൾ വശം ചരിഞ്ഞാണ് കിടക്കുന്നത്.എനിക്ക് അവളുടെ കുഞ്ഞിക്കവിളിൽ ഒരു മുത്തം കൊടുക്കാൻ തോന്നി.ചുവരിലെ ക്ലോക്കിൽ സമയം രണ്ടര അറിയിച്ചു. ബാത്‌റൂമിൽനിന്നു തിരിച്ചുവന്ന സുഷമ ചോദിച്ചു: “ലൈറ്റോഫാക്കണോ?” “വേണ്ട.അതു കെടന്നോട്ടെ.” ഫാനിന്റെ മുരൾച്ച ഏതോ രാപ്പക്ഷിയുടെ അരോചക ഗീതമായി തോന്നി. “മുകുന്ദേട്ടന് ഒറക്കം വരുന്നില്ലെങ്കി..നമുക്കൊന്നിണ ചേർന്നാലോ?” ഞാൻ ഒന്നും പറഞ്ഞില്ല. “നല്ല സമയം.നല്ല തണുപ്പ്.ബ്രാഹ്മമുഹൂർത്തം തുടങ്ങാറായി.” എന്റെ സമ്മതത്തിനു കാത്തു നിൽക്കാതെ സുഷമ എന്നെ ദിഗംബരനാക്കി.അവൾ എന്റെ മുകളിൽ സമൃദ്ധമായ ആസക്തിയുടെ ഭാരമായി.ഉണരുന്ന സുഷമയ്ക്ക് ഉപരിസുരതമാണിഷ്ടം.ചടുലതാളങ്ങളുടെ ചുവടുവെയ്പിൽ അവൾ കാളിയായി മാറുന്നു. ആരുടെയോ ബലിഷ്ഠമായ കരങ്ങളിൽ കിടന്നു പിടയുകയാണ് എന്റെ കഴുത്ത്.ആരൊക്കെയോ ചേർന്ന് എന്നെ ബലമായി പിടിച്ചു നിർത്തിയിരിക്കുന്നു.കത്തിമുന ഇപ്പോൾ എന്നിലേക്കു തറച്ചു കയറും.പൂക്കുറ്റി പോലെ ചോര ചീറ്റും.തലയ്ക്കുള്ളിൽ ആ ചോദ്യമിരമ്പി. “എന്തിനാടാ എന്റച്ഛനെ കൊന്നത്?പറേടാ,പറയ്...” എല്ലവരും ചേർന്ന് എന്നെ ശ്വാസം മുട്ടിക്കുകയാണ്.കത്തിമുനയ്ക്കു പകരം ശ്വാസം മുട്ടിച്ചു കൊല്ലാനാണു പദ്ധതി.ഒരിറ്റു ശ്വാസത്തിനുവേണ്ടി ഞാൻ പിടഞ്ഞു. “ഇതെന്താ ഇങ്ങനെ...ഒരു മൂഡുമില്ലാതെ...” സുഷമയുടെ അവജ്ഞയും നിന്ദയും നിരാശയും കലർന്ന ശബ്ദം അതിവിദൂരത്തിലെവിടെയോ നിന്ന് ഞാൻ കേട്ടു. എന്നെ ബന്ധിച്ച കൈകൾ അയയുന്നു.കഴുത്തിലെ പിടി വഴുതി മാറുന്നു.ഞാൻ ആശ്വാസത്തോടെ ശ്വാസമെടുത്തു. “എന്നെ പറഞ്ഞാ മതിയല്ലോ-“ അവൾ എഴുന്നേറ്റ് ദേഷ്യത്തിൽ അടുക്കളയിലേക്കു പോയി.രണ്ടു കട്ടൻ കാപ്പിയുണ്ടാക്കി ടീപ്പോയിൽ കൊണ്ടു വെച്ച് എന്നെ വിളിച്ചു. ആവി പറക്കുന്ന കാപ്പി ഒരു കവിൾ കുടിച്ച് സുഷമ സംഭാഷണത്തിനു തുടക്കമിട്ടു. “എന്താ മുകുന്ദേട്ടന്റെ പ്രശ്നം?ഉള്ളിലെന്തോ ഉണ്ട്.തുറന്നുപറയാത്തതെന്താ?” ഇത്രയും കാലങ്ങൾക്കിടയിൽ അവളറിയാത്ത ഒരു രഹസ്യവുമില്ലെനിക്ക്,ഇതൊഴികെ. ഇതു ഞാനെങ്ങനെ പറയും? “കൊറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.” ഇപ്പോൾ ഈ നിമിഷത്തിൽ അവളോടു പറയാതിരിക്കാനാവില്ലെന്നെനിക്കു ബോധ്യം വന്നു.കോളേജിൽ എസ്.എഫ്.ഐ യുടെ വൈസ് ചാൻസലറായി ജയി¨ അവൾക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാകും. അവൾ സശ്രദ്ധം കേട്ടു.രത്നാകരേട്ടനെ മൃഗീയമായി കൊലപ്പെടുത്തിയത് ഞാനൊറ്റയ്ക്കാണെന്ന് എന്നിൽ നിന്നു തന്നെ അവൾ കേട്ടു. “ആരും കണ്ടിട്ടില്ല.കുറ്റാക്കുറ്റിരുട്ടാരുന്നു.”ഞാൻ പറഞ്ഞവസാനിപ്പിച്ചു.എങ്കിലും ആരോ സാക്ഷിയാണെന്ന,തുറന്നുവെച്ച രണ്ടു കണ്ണുകÄ എല്ലാം കാണുന്നുണ്ടായിരുന്നുവെന്ന തോന്നലിൽ നിന്നും ഞാൻ മുക്തനല്ല. കാപ്പിയുടെ അവസാന തുള്ളിയും കുടിച്ച ശേഷം അല്പനേരം അവൾ കണ്ണടച്ചിരുന്നു. “മുകുന്ദേട്ടൻ ഒരിക്കലും അതു ചെയ്യരുതാ‍യിരുന്നു.” പെട്ടെന്ന് എന്റെ മനസ്സിലേക്ക് കോളേജു കാലമാWv പൊട്ടിവീണത്.തിരഞ്ഞെടുപ്പു പ്രചരണത്തിന് ക്ലാസുകൾ തോറും കയറി ഞാനും സുഷമയും മാറി മാറി പ്രസംഗിച്ചു നടന്ന ആ കാലം.ഇരുവരുടേയും പ്രസംഗത്തിന്റെ കാതലായ വശം അഹിംസയായിരുന്നു.അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പ്രസംഗം.അക്രമത്തെ ഒരിക്കലും അക്രമം കൊണ്ടു നേരിടരുതെന്ന് വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തിരുന്ന ആ വാക്കുകളാണ് അവളെ എന്നോടു ചേർത്തു നിർത്തിയതെന്ന് പലപ്പോഴും അവൾ പറഞ്ഞിട്ടുണ്ട്.നേതാക്കന്മാരുടെ സായാഹ്നക്കൂട്ടായ്മയിലും മുകുന്ദനും സുഷമയുമായിരുന്നു ശ്രദ്ധാകേന്ദ്രം. “മുകുന്ദേട്ടനിപ്പോൾ ചോരയുടെ മണമാണ്.” ഞാൻ ഒന്നും മിണ്ടിയില്ല.കാപ്പിയുടെ ചൂടാറിയിരിക്കുന്നു.എനിക്ക് ബാക്കി കുടിക്കാൻ തോന്നിയില്ല.ചോരയാണതെന്നു തോന്നി. “ഒരാദർശത്തിന്റെ പേരിലും ന്യായീകരിക്കാവുന്ന ഒന്നല്ല മുകുന്ദേട്ടൻ ചെയ്തത്.” പുറത്ത് മഞ്ഞു പെയ്യുന്നതിന്റെ മർമ്മരം കേൾക്കാം.മരണത്തിന്റെ ക്രൂരമായ തണുപ്പ് അരിച്ചരിച്ചു കയറി വരുന്നതുപോലെ.എനിക്കു വിയർക്കുന്നു. അല്പനേരത്തെ ആലോചനക്കുശേഷം സുഷമ പറഞ്ഞു: “ഇനി ഒന്നും ആലോചിക്കാനിÃ.പോലീസിൽ സറണ്ടർ ചെയ്യണം.” പെട്ടെന്ന് ഞാനൊന്നു ഞെട്ടി.പല കാര്യങ്ങൾക്കും പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഒരു പ്രതിയായി ഇതുവരെ സ്വയം ചിന്തിച്ചിട്ടില്ല.കസ്റ്റഡി,ലോക്കപ്പ്,മർദ്ദനം.എത്രയൊക്കെ kuഹാർദ്ദപരമായി ഇടപെട്ടാലും പോലീസ് എന്നത് ഇപ്പോഴും എന്റെ ഉള്ളിൽ ഭയത്തിന്റെ ഒരു തീനാളമാണ്.കസ്റ്റഡിയിൽ കഴിഞ്ഞ ഒരാൾക്ക് പിന്നീടുള്ളത് തിരസ്ക്കരിക്കപ്പെട്ടവന്റെ പൊതുജീവിതമാണ്.പിന്നിൽ നഷ്ടപ്പെട്ട ജീവിതം പിന്നീടൊരിക്കലും തിരിച്ചു കിട്ടില്ല.ബഹിഷ്കൃതനാണവൻ. ഇത്രകാലം കെട്ടിപ്പടുത്ത ജീവിതം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുന്ന ആ അവസ്ഥയോർത്ത് ഞാൻ കിടുങ്ങി. ഞാൻ സുഷമയെ ദയനീയമായി നോക്കി.അതവഗണിച്ച് അവൾ തുടർന്നു: “എല്ലാം നിയമത്തിന്റെ വഴിയെ തന്നെ നടക്കട്ടെ.മറ്റു മാർഗങ്ങളൊന്നുമില്ല.അവരുടെ പ്രതികാരത്തിൽനിന്നും സേഫാകാനുള്ള വഴിയും ഇതു തന്നെയാണ്.ഇന്നുതന്നെ സറണ്ടർ ചെയ്യണം.” സുഷമ കപ്പുകളെടുത്ത് അകത്തേക്കു പോയി.അവ കഴുകി വെച്ച് മടങ്ങിവന്ന് മുൻ‌വാതിൽ തുറക്കാനൊരുങ്ങുമ്പോൾ ഞാനവളെ തടഞ്ഞു. “നേരം വെളുത്തിട്ട് തൊറന്നാ മതി.” പേരറിയാത്ത ഒരു മന്ദഹാസം അവളുടെ മുഖത്തു വിരിയുന്നത് ഞാൻ കണ്ടു.എത്ര വ്യാഖ്യാനിച്ചാലും പിടി തരാത്ത അർത്ഥങ്ങൾ പേറുന്ന മന്ദഹാസം. അകത്ത് കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു.സുഷമ അങ്ങോട്ടു പോയി.കുഞ്ഞിനെ ശാന്തമാക്കിയ ശേഷം അവൾ പറഞ്ഞു: “എനിക്കൊന്നു കുളിക്കണം.” “ഇത്ര വെളുപ്പിനോ?” “ദേഹമാകെ ചോര പുരണ്ടതുപോലെ തോന്നുന്നു എനിക്ക്.പച്ചയിറച്ചിയും ചോരയും ഒട്ടിപ്പിടിക്കുന്നതു പോലെ.” അവൾ കുളിമുറിയിൽ കയറി വാതിലടച്ചു.രണ്ടു മൂന്നു വട്ടം ഓക്കാനിക്കുന്ന ശബ്ദം കുളിമുറിയിൽ നിന്നു കേട്ടു. പെട്ടെന്നാണ് വാതിലിൽ തട്ടുന്ന ശബ്ദം കേട്ടത്.ഞാൻ നടുങ്ങിയെഴുന്നേറ്റു.വാതിൽ തുറക്കണോ എന്ന ആലോചനയിൽ ഒരു നിമിഷം നിന്നപ്പോൾ വീണ്ടും തുടർച്ചയായ മുട്ടു കേട്ടു.ശരീരമാകെ ഒരൊറ്റനിമിഷം കൊണ്ട് തണുത്തുറഞ്ഞ് ചലനമറ്റ് ഞാൻ നിന്നു. വെളിച്ചം വീണിട്ടില്ല.തണുത്ത പുലർകാലം.ആരായിരിക്കാം? ഞാൻ ദുർബലനായി വാതിലിനു നേരേ നടന്ന് കുറ്റിയെടുത്തു.അവർ മൂന്നു പേരുണ്ടായിരുന്നു.മൂവരെയും എനിക്കറിയാമായിരുന്നു. സദാനന്ദനും വർഗീസും രത്നാകരേട്ടന്റെ മകൻ സന്ദീപും! “നമുക്കകത്തിരുന്ന് സംസാരിക്കാം.”മുഴങ്ങുന്ന ശബ്ദത്തിൽ നിർവ്വികാരനായി സദാനന്ദൻ പറഞ്ഞു. എല്ലാവരും അകത്തു കയറിയപ്പോൾ വർഗീസ് വാതിലടച്ചു കുറ്റിയിട്ടു.പറയാതെ തന്നെ മൂവരും സെറ്റിയിലിരുന്നു.സദാനന്ദനാണ് സംസാരിച്ചു തുടങ്ങിയത്. “താനും ഇരിക്കെടോ.തന്റെ ഭാര്യ എവിടെപ്പോയി?” ഞാൻ അറിയാതെ ഇരുന്നു പോയി.”കുളിക്കുവാ..” “നന്നായി.”വർഗീസ് പറഞ്ഞു.”നേരം കളയാതെ ഇയാളോട് കാര്യം പറ സദാനന്ദേട്ടാ.” അപ്പോൾ പെട്ടെന്ന് അകത്തെ മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു.ഒരു നിമിഷം സദാനന്ദൻ അതു ശ്രദ്ധിച്ചു. “ഓ..തനിക്കൊരു കുഞ്ഞുമുണ്ടല്ലേ?പെണ്ണും കുടുമ്പോമൊക്കെയുള്ളോരെന്തിനാടോ ഈ ഗുണ്ടാപ്പണിക്കു പോന്നത്?” കുഞ്ഞിന്റെ കരച്ചിൽ ശക്തമാവുകയാണ്. “ഞങ്ങൾ വന്നത് തന്നെ കൊല്ലാൻ തന്നെയാ.രത്നാകരേട്ടന്റെ ചോരയ്ക്ക് പകരം ചോദിക്കാനാളില്ലെന്നു കരുതിയോ നീ?” മൂന്നു പേരും അവരുടെ മടിക്കുത്തിൽനിന്ന് ആയുധം പുറത്തെടുത്തു. ഉത്തങ്കന്റെ സർപ്പസത്രത്തിലേക്ക് ഭൂലോകത്തിലുള്ള സകല സർപ്പങ്ങളും ആവാഹിക്കപ്പെട്ട് വീണ് വെന്തെരിയുന്നു. തക്ഷകനെ മാത്രം കാണുന്നില്ല.സ്വർ‌ലോകത്തിൽ അഭയം പ്രാപി¨ തക്ഷകനെയും ഉത്തങ്കൻ കണ്ടുപിടിച്ചു കഴിഞ്ഞു.ഇനി അവനു രക്ഷയില്ല.ഇന്ദ്രസിംഹാസനത്തോടെ തന്നെ അവൻ ആവാഹിക്കപ്പെടുകയാണ്.തക്ഷകൻ അഗ്നിയിലേക്കടുക്കുന്നു. സദാനന്ദനും വർഗീസും എന്റെ ഇരു കരങ്ങളിലും ശക്തമായി പിടിച്ചു. “അനങ്ങിപ്പോകരുത്.നിന്റെ ചോര വേണ്ടത് ഇവനാണ്,സന്ദീപിന്.” ഒന്നു നിന്ന ശേഷം വീണ്ടും കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി.സന്ദീപിന്റെ ശ്രദ്ധ പാളുന്നത് ഞാനറിഞ്ഞു. സദാനന്ദൻ അവനോടു പറഞ്ഞു: “നോക്കിയിരിക്കാതെ ഇവനെയങ്ങെടുക്കെടാ.” സന്ദീപ് എഴുന്നേറ്റ് കത്തി ഉയർത്തി എന്റെ മുമ്പിലേക്കു വന്നു.കത്തിമുന നെഞ്ചിൻ‌കൂടിലേക്കു വന്നു പതിക്കുന്ന ആസന്നമായ ആ നിമിഷത്തിനു കാത്ത് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.സന്ദീപിന്റെ കൈകൾ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്നത് ഞാനറിയുന്നു. തക്ഷകൻ അഗ്നിയിൽ പതിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി.ഉത്തങ്കന്റെ വിജയച്ചിരി കൊലച്ചിരിയായി യാഗഭൂമിയാകെ മുഴങ്ങുന്നു. കുഞ്ഞ് നിർത്താതെ ഉറക്കെയുറക്കെ കരയുകയാണ്.സുഷമ കുളിമുറിയിൽനിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. അപ്പോൾ സന്ദീപിന്റെ ശബ്ദം ഞാൻ കേട്ടു: “എനിക്കു വയ്യ സദാനന്ദേട്ടാ...ഈ കുഞ്ഞിനെക്കൂടെ അനാഥമാക്കീട്ട് നമുക്കെന്തു കിട്ടാനാ?അച്ഛൻ തിരിച്ചു വരുമോ?” തക്ഷകൻ അഗ്നിയിൽ പതിക്കുന്നതിനു തൊട്ടുമുമ്പ് ആസ്തീകൻ പ്രത്യക്ഷമായി.സർപ്പസത്രത്തിന് പരിസമാപ്തി.സത്രം അവസാനിപ്പിച്ച് ഉത്തങ്കൻ മടങ്ങി. കുഞ്ഞ് കരച്ചിൽ നിർത്തിയിട്ടില്ല. .................................................................................................................................

3 comments:

  1. വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന കപടരാഷ്ട്രീയക്കാര്‍ക്ക്‌ ഈ കഥയില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ ഉണ്ടാവും.
    അവസാനം സാന്ദീപിന്റെ കത്തി ചോര പുരണ്ടിരുന്നെങ്കില്‍ ഇതൊരു സാധാരണ കഥ മാത്രമാകുമായിരുന്നു. ആശംസകള്‍.

    ReplyDelete