Wednesday, September 12, 2012

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മകഥാസംഗ്രഹം.

ആമുഖം പാലത്തുമ്പാട്ടെ സെലീനയാണെന്നോടു പറഞ്ഞത് എടീ നിനക്കെഴുത്തും വായനേമറിയാമല്ലോ,നിന്റെ അനുഭവങ്ങളൊക്കെ ഒന്നെഴുതാൻ.അവളെന്നെ കളിയാക്കുവാന്നു വിചാരിച്ച് ഞാൻ ചിരിച്ചപ്പോൾ അവളു പറഞ്ഞു,അതല്ലെടീ.നീ എഴുതി അച്ചടിച്ച് പുസ്തകമായാൽ വല്ലോരുമൊക്കെ വായിക്കുമല്ലോ.അങ്ങനെ കുറച്ചുപേരെങ്കിലും നമ്മടെ കാര്യങ്ങളൊക്കെ അറിയട്ടെ.അല്ലാതെ ലോകം ഇതൊന്നുമറിയാൻ പോകുന്നില്ല. ഞാനും സെലീനയും വടക്കേപള്ളിക്കൂടത്തിൽ ഒമ്പതു ബിയിൽ ഒരേ ബെഞ്ചിൽ അടുത്തടുത്താണിരിക്കുന്നത്.ഞങ്ങക്കു രണ്ടുപേർക്കും മലയാളമാണ് ഇഷ്ടം.കൂടുതൽ മാർക്കും അതിനാണ്.മനോരമയും മംഗളവും മുടങ്ങാതെ വായിക്കും.കൈതക്കാട്ടെ ഗിരിജേടെ അമ്മ ഇതൊക്കെ വരുത്തുന്നുണ്ട്.അമ്മ വായിച്ചുകഴിഞ്ഞ് ഗിരിജ ഞങ്ങക്കു തരും.ഞാനും സെലീനയും മാറി മാറി വായിച്ച് നീണ്ടകഥകളിലെ സംഭവങ്ങൾ ചർച്ച ചെയ്യും.അതൊക്കെ എഴുതുന്നവരോട് എന്തൊക്കെയോ ചില ഇഷ്ടങ്ങളൊക്കെ തോന്നും.രണ്ടുമൂന്നു പ്രാവശ്യം അവരുടെയൊക്കെ അഡ്രസ് ചോദിച്ച് വാരികയ്ക്കെഴുതിയെങ്കിലും മറുപടി കിട്ടിയില്ല.പിന്നെ ഞങ്ങൾ വാരികയുടെ അഡ്രസിൽ അവർക്ക് ഒരുപാടെഴുത്തുകൾ അയച്ചു.ഒരു മറുപടി പോലും വന്നില്ല. സെലീനക്കും എനിക്കും ആരോടും പറയാൻ പറ്റാത്ത കുറെ കാര്യങ്ങളുണ്ട്.അതങ്ങനെ മനസിലിരുന്ന് വിങ്ങുകയാണ്.സെലീന പറഞ്ഞ കാര്യം അപ്പളാണ് ഞാൻ കാര്യമായി ആലോചിച്ചത്.അവടെ കാര്യങ്ങളും കൂടിയൊക്കെ ചേർത്തോളാൻ പറഞ്ഞു.എന്നേക്കാൾ നല്ലതായിട്ട് നിനക്കെഴുതാൻ കഴിയുമെന്നറിയാവുന്നതുകൊണ്ടാ സോഫീ നിന്നോടെഴുതാൻ പറേന്നത് എന്നു കൂടി അവൾ ഉറപ്പിച്ചപ്പോൾ എനിക്കെന്തോ ഒരുന്മേഷം തോന്നി.അതിനായിരിക്കാം ആത്മവിശ്വാസമെന്നൊക്കെ പറയുന്നത്. എന്നിട്ടും അന്നൊന്നും എനിക്കെഴുതാൻ തോന്നിയില്ല.പിന്നെയും രണ്ടു വർഷം കഴിഞ്ഞു.സെലീനയുടെ വാക്കുകൾ എന്നെ വേട്ടയാടി.എനിക്കു നഷ്ടപ്പെട്ട സെലീനയെ തിരിച്ചുകിട്ടാൻ ഒരു പക്ഷെ എന്റെ എഴുത്തിനു കഴിഞ്ഞേക്കുമെന്നൊരു ഉൾവിളി ഇപ്പോൾ തീവ്രമായിരിക്കുന്നു. അങ്ങനെ ഇപ്പോൾ സെലീന കൂടെയില്ലാത്ത ഒറ്റപ്പെടലിന്റെ ഈ നാളുകളിൽ ഇതെഴുതാൻ തുടങ്ങി.എങ്ങനെ എഴുതണമെന്ന് ഒരു രൂപവുമില്ലാതെയാണ് തുടങ്ങിയത്.ഇരുനൂറുപേജിന്റെ നോട്ടുബുക്കൊരെണ്ണം കഴിഞ്ഞ കൊല്ലം എടുക്കാതെ വെച്ചതുണ്ടായിരുന്നു.റെനോൾ‌ഡിന്റെ നീലമഷിപ്പേനയും തുറന്ന് കർത്താവിനെ വിളിച്ച് ഞാനെഴുത്തു തുടങ്ങി. പുസ്തകങ്ങളിലൊക്കെ ആമുഖമെന്നും‌പറഞ്ഞ് ഒരു പേജ് കണ്ടിട്ടുണ്ട്.അങ്ങനെയൊന്നാണ് ഇതുവരെ പറഞ്ഞത്.ഞാനീ എഴുത്തു തുടങ്ങാനുണ്ടായ സാഹചര്യം.ഇതു പുസ്തകമാക്കിയാൽ കടപ്പാട് സെലീനക്കു കൊടുക്കണമെന്നുണ്ട്. ഒന്നാമദ്ധ്യായം ഒന്നാമദ്ധ്യായമെന്നെഴുതി അടിവരയിട്ടപ്പോൾ എനിക്കു ചിരി വന്നു.അദ്ധ്യായക്കണക്കിനെഴുതാൻ വല്ലോമൊണ്ടോ എന്റെ അനുഭവങ്ങൾ!ഇത് എന്റെ മാത്രം കാര്യങ്ങളല്ല,സെലീനയുടേതുകൂടിയാണ്.എഴുതുന്നത് ഞാനാണെങ്കിലും ഇത് ഞങ്ങളുടെ രണ്ടുപേരുടേയും കാര്യങ്ങളാണ്.കഥയല്ല.പൊടിപ്പും തൊങ്ങലുമൊന്നും ചേർത്തുവെക്കാനെനിക്കറിയത്തില്ല.എനിക്കറിയാവുന്നതുപോലെ,മനസിൽ വരുന്നതുപോലെ ഞാനങ്ങെഴുതുകയാണ്.ചിലപ്പോ അടുക്കും ചിട്ടയുമൊന്നും കാണത്തില്ല.എന്നാലും എഴുതാനൊരു കൊതി ഇപ്പോ വല്ലാതെ ഉണർന്നിരിക്കുന്നു. സത്യം സത്യമായും കലർപ്പില്ലാതെയും എഴുതാനുള്ള വാക്കുകളെ സ്വർഗത്തുനിന്നും നീ എനിക്കയച്ചുതരേണമേ എന്റെ പ്രിയപ്പെട്ട ഈശോയേ! ഈശോ എനിക്കാരാണെന്ന് ആദ്യമേ പറയാം.ഓർമ വെച്ച നാൾ മുതൽ എന്റെ കളിചിരിയിലും സങ്കടങ്ങളിലും ഉറങ്ങുമ്പോഴും ഉണരുമ്പോഴും എപ്പോഴുമെപ്പോഴും എന്നോടൊത്തുള്ള എന്റെ പ്രിയൻ.അവനില്ലാതെ എനിക്കൊന്നുമില്ല.അവനില്ലെങ്കിൽ ഞാനില്ല.ഇതെന്നെക്കൊണ്ടെഴുതിക്കുന്നതും അവനല്ലാതെ മറ്റാരുമല്ല.അമ്മച്ചിയും ഇങ്ങനെയായിരുന്നു.എന്നെ ഈശോയുടെ കൂട്ടുകാരിയാക്കിയതും അമ്മച്ചിയാണ്.എന്നും വൈകിട്ടത്തെ പ്രാർത്ഥന കഴിഞ്ഞ് അമ്മച്ചി എന്റെ നെറ്റിയിൽ മുത്തി പ്രാർത്ഥിക്കും: -കർത്താവേ,എന്റെ പൊന്നുംകട്ടിയെ കാത്തോളണേ.അവക്കു നീ കാവലാകേണമേ. അമ്മച്ചീടെ ശുപാർശകൊണ്ടുകൂടിയാവാം പതിയെ പതിയെ ഈശോ എന്നിലേക്കിറങ്ങിവരുന്നത് ഞാനറിഞ്ഞു.പെസഹായ്ക്ക് അമ്മച്ചി അപ്പോം ഇറച്ചീം വിളമ്പുമ്പോൾ വായിൽ വെള്ളമൊലിപ്പിച്ച് ഈശോ എന്റെ മുമ്പിൽ കൊതിയനായി നിൽക്കും.മുടി ചീകുമ്പോൾ എന്റെ മുടി കൂടി ഒന്നു കോതിത്തരൂ എന്നു കെഞ്ചും.കുളിക്കുമ്പോൾ എന്നെയും കൂടി കുളിപ്പിക്കൂ എന്നു പരാതി പറയും.അപ്പോ എനിക്കു നാണം വരും.ഒന്നുമിടാതാ ഞാൻ കുളിക്കുന്നത്.ഈ ഈശോ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ?ഞാൻ എന്നെ പൊത്തിപ്പിടിക്കും. രാത്രിയിൽ എന്റെ പുതപ്പിനകത്തേക്ക് ഊർന്നുകയറി എന്നെ കെട്ടിപ്പിടിച്ചു കിടക്കും.അവന്റെ ചുണ്ടുകൾ എന്റെ കാതിൽ അന്നേരം പുന്നാരം പറയും.എന്റെ മണവാട്ടീന്നാ എന്നെ വിളിക്കുന്നത്. വീഞ്ഞിന്റെ മണമായിരുന്നു അവന്.അവന്റെ വിയർപ്പുതുള്ളികൾക്ക് വീഞ്ഞിന്റെ പുളിപ്പും. ഇത്രയൊക്കെയായിട്ടും എന്തോ ഒരപൂർണത എനിക്കെപ്പോഴും തോന്നുമായിരുന്നു.അവൻ ബാക്കിവെ¨ ഒന്ന്.അതിനായി ഞാനവനോട് നാണം മറന്ന് കെഞ്ചി.കണ്ണുകളിൽ തികഞ്ഞ ശാന്തി നിറച്ച് ഇല്ല ഇല്ല എന്നവൻ തലയാട്ടി.ഞാനവനോട് സങ്കടപ്പെടുകയും ആ കാല്പാദത്തിൽ മുഖം ചേർത്ത് കണ്ണീരൊഴുക്കുകയും ചെയ്തു.പക്ഷെ എന്റെ പ്രിയsâ മനസലിഞ്ഞില്ല.അവൻ ഒന്നയഞ്ഞിരുന്നെങ്കിൽ,എനിക്കു വേണ്ടതു തന്നിരുന്നെങ്കിൽ ഞാനീ പറയാൻ പോകുന്ന ദുരവസ്ഥ എനിക്കുണ്ടാകുമായിരുന്നില്ല.എല്ലാത്തിനും കാരണക്കാരൻ അവനാണ്.കാരണം അവനറിയാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ!തിരുരൂപത്തിന്റെ മുമ്പിൽ ഒരു മെഴുകുതിരിയുടെ കുറവു കണ്ട് അമ്മച്ചി തിരഞ്ഞു തിരഞ്ഞ് എന്റെ മുറിയിലെ മേശവലിപ്പിൽ നിന്നു കണ്ടെത്തുമ്പോൾ അതിന്റെ അറ്റത്തു കണ്ട ചുവന്നപാട് എന്റെ രക്താംശമായിരുന്നുവെന്ന് തിരിച്ചറിഞ്ഞോ എന്നെനിക്കറിയില്ല.അത് അമ്മച്ചി അവിടെത്തന്നെ വെച്ചു.അതിനുശേഷം അമ്മച്ചിയുടെ മുഖത്തുനോക്കാൻ എനിക്കു മടിയായിരുന്നു. രണ്ടാമദ്ധ്യായം കറന്റില്ലാത്ത ഒരു രാത്രിയിൽ പതിവുപോലെ അവൻ എന്റെ പുതപ്പിലേക്കു കയറി വന്നു.തലവേദനയ്ക്കു ഗുളിക കഴിച്ച് അമ്മച്ചി നേരത്തെ കിടന്നതുകൊണ്ട് ഞാനും നേരത്തേ കിടന്നു.കൂട്ടിന് മെഴുകുതിരി എന്റെ കയ്യിലുണ്ട്. എന്നാൽ എന്നത്തെയും‌പോലെ എന്റെ മണവാട്ടീ എന്ന് അവൻ വിളിച്ചില്ല.എന്റെ കയ്യിലെ മെഴുകുതിരി പിടിച്ചുവാങ്ങി ഇനി നിനക്കിതിന്റെയാവശ്യമില്ലെന്നു പറഞ്ഞു.ഞാനപേക്ഷിച്ചതു തരാൻ കനിവുണ്ടായ മട്ടിൽ അലിവോടെ എന്നെ ചേർത്തു പിടിച്ചു.മൃദുവായ ഉമ്മകൾകൊണ്ട് എന്നെ ഉണർത്തി.വസ്ത്രത്തിന്റെ അവസാന അടയാളം വരെ അവന്റെ തൃക്കരസ്പർശനത്താൽ ഇല്ലാതായി.എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.അതുവരെ അറിഞ്ഞിട്ടില്ലാത്ത,പുതിയ പുതിയ എന്തൊക്കെയോ ഞാനറിയുകയായിരുന്നു.എക്സ്കർഷനു പോയപ്പോൾ കണ്ട കടലിലെ തിരമാലകൾ കണക്കെ നുരഞ്ഞു പതഞ്ഞ്,വായുവിൽ ചിറകില്ലാതെ പറന്നു പറന്ന് ഞാൻ എവിടെയൊക്കെയോ അലയുന്നു.സുഖമുള്ള നൊമ്പരത്തിന്റെ തലോടൽ.നനഞ്ഞ പൂഴിയിൽ കാലടികൾ താണുപോകുന്നു.എല്ലാമെല്ലാം ഒരു ചുഴിക്കുത്തിൽ വന്നടിയുന്നു. വിയർത്തു കുളിച്ചു കിടന്ന അവന് പക്ഷെ വീഞ്ഞിന്റെ മണമോ പുളിപ്പോ ഇല്ലായിരുന്നു.പകരം അപ്പൻ എന്നും രാത്രിയിൽ കുടിക്കുന്ന ബ്രാൻഡിയുടെ മണമായിരുന്നു. മൂന്നാമദ്ധ്യായം സെലീന മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവളുടെ അപ്പൻ മരിച്ചത്.ഒരു വെള്ളപ്പൊക്കകാലമായിരുന്നു.പണികഴിഞ്ഞ് സന്ധ്യമയക്കത്തിനു മടങ്ങി വരുമ്പോൾ കാലുതെറ്റി നിലയില്ലാക്കയത്തിൽ വീണു.രണ്ടു ദിവസം കഴിഞ്ഞ് മാലിത്തോട്ടിൽ കമഴ്ന്നു കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രം ഞങ്ങൾക്കിന്നത്തെപ്പോലെ ഓർമ്മയുണ്ട്.സെലീനയുടെ അമ്മച്ചിയുടെ രഹസ്യക്കാരൻ കയത്തിലേക്കുന്തിയിട്ടതാണെന്നും ഒരു സംസാരമുണ്ട്.അതിനു രണ്ടു മൂന്നു ദിവസങ്ങൾക്കു മുമ്പ് ചന്തക്കടവിൽ‌വെച്ച് അവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞു തെറ്റി കയ്യാങ്കളിയിലെത്തുകയും ചെയ്തതിന് പലരും സാക്ഷികളാണ്. ഒരു കയ്യാലയുടെ അകലമേയുള്ളു എന്റെയും സെലീനയുടെയും വീടുകൾ തമ്മിൽ.പടിഞ്ഞാറേ പറമ്പിലെ വേലി പൊളിഞ്ഞുകിടക്കുന്നതുകൊണ്ട് ഞങ്ങൾക്കതു വഴി വല്യാനൂർ പറമ്പിലേക്കിറങ്ങാം.അവിടെ നല്ല തണലും തണുപ്പുമാണ്.മണിമലയാറിന്റെ തോഴിയായി വന്ന് ഇക്കിളിയായി “റ” പോലെ വളഞ്ഞുകുലുങ്ങി പോകുന്ന മാലിത്തോടിന്റെ കരയിലെ കൈതക്കാടിന്റെ മറവിൽ ഞങ്ങളിരിക്കും.പള്ളിപ്പറമ്പിൽ നിന്നും കല്ലറകളിൽ വിശ്രമിക്കുന്ന ആത്മാക്കളുടെ ഗന്ധവും വഹിച്ചെത്തുന്ന കാറ്റ് ആദ്യം അവിടെയാണെത്തുക.കാറ്റിന്റെ കൈകളിൽ പാറിവന്ന് വല്യപ്പാപ്പന്റെയും വല്യമ്മച്ചിയുടെയും ആത്മാക്കൾ എന്റെ നിറുകയിൽ തലോടും.അവിടിരുന്നാണ് ഞങ്ങൾ ആഴ്ചപ്പതിപ്പുകൾ വായിച്ച് ചർച്ച ചെയ്യുന്നത്.ഒരിക്കൽ AhÄ വന്നപ്പോൾ മടിക്കുത്തിലൊളിപ്പിച്ച ഒരു പുസ്തകം എടുത്ത് എനിക്കു നീട്ടി.പല കൈകൾ മാറിമറിഞ്ഞു വന്ന പുസ്തകത്തിന്റെ വിശുദ്ധി നഷ്ടമായിരുന്നു.വെണ്മ മാഞ്ഞ് നിറം മങ്ങിയ താളുകൾ മറിച്ചപ്പോൾ പെട്ടെന്ന് എന്റെ ശ്വാസം നിലച്ചതുപോലെ തോന്നി.ഉടുതുണിയില്ലാത്ത ആണും പെണ്ണും പരസ്പരം ചെയ്യുന്നതിന്റെ ചിത്രങ്ങൾ നിറഞ്ഞ താളുകൾ കുത്തുവിട്ട് ഇളകിയിരുന്നു.എന്റെ ശ്വാസമിടിപ്പിനു താളം തെറ്റി.അപ്പോൾ സെലീനയുടെ കൈകൾ എന്നെ തൊട്ടു.അവളും കിതയ്ക്കുന്നുണ്ടായിരുന്നു.പാതിയടഞ്ഞ മിഴികൾക്കുതാഴെ മേൽചുണ്ടിൽ വിയർപ്പിന്റെ മുത്തുമണികൾ. നിനക്കിതെവിടുന്നു കിട്ടിയെന്നു ഞാൻ ചോദിച്ചപ്പോൾ കൊച്ചുമ്മച്ചായൻ കൊണ്ടുവന്നുതന്നതാന്നു പറഞ്ഞ് അവൾ കുനിഞ്ഞിരുന്നു.ഞാൻ വല്ലാത്തൊരാർത്തിയോടെ പുസ്തകം വായിച്ചു.എന്റെ ഉള്ളിൽ ഒരു പെണ്ണ് വല്ലാതെ വല്ലാതെ ഉണർന്നു വരുന്നത് ഞാനറിഞ്ഞു. അയാളെന്തിനാ നിനക്കിതു തന്നതെന്ന ചോദ്യത്തിന് മറുപടിയായി ആരോടും പറയത്തില്ലെന്നു നീ ആണയിടാമെങ്കിൽ ഞാനെല്ലാം പറയാമെന്നു പറഞ്ഞു. ഞാൻ പറഞ്ഞു:ദൈവത്തിനാണേ ഞാനാരോടും പറയത്തില്ലെടീ. പിന്നെ അവൾ പറഞ്ഞത് കഥയോ ജീവിതമോ എന്നു വേർതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. കൊച്ചുമ്മച്ചായൻ അമ്മച്ചീടടുത്തു മാത്രമല്ല വരുന്നത്.അമ്മച്ചി തന്നെയാണ് അയാളെ ആദ്യം എന്റടുത്തു പറഞ്ഞു വിട്ടത്.അന്നു ഞാൻ മുറീന്ന് ഓടിയിറങ്ങി വന്നപ്പോ അമ്മച്ചിയുണ്ട് പുറത്തു കാവലായി നിക്കുന്നു.കേറെടീ അകത്തെന്നുമ്പറഞ്ഞ് എന്നെ പിടിച്ചകത്തോട്ടു തള്ളി കതകു പുറത്തൂന്നു പൂട്ടി.അയാളെന്നെ കൊല്ലുമെന്നുതന്നെ അന്നു ഞാൻ പേടിച്ചു.നമ്മടെ വടക്കേലെ പശൂനെ തടിപ്പിക്കാൻ കാളെ കൊണ്ടുവരുന്നതു നീ കണ്ടിട്ടില്ലേ?പശൂന്റെ നാലുകാലും കെട്ടിയിട്ട് അതിന്റെ പൊറത്ത് കാളേനെ കേറ്റുന്നത് നമ്മളൊന്നിച്ചു നിന്നു നോക്കീട്ടില്ലേ.അതുപോലെയാരുന്നു....... അന്ന് സെലീന ഒരുപാടു കരഞ്ഞു.ഞാനിനി എന്തിനാ ജീവിക്കുന്നേന്നു ചോദിച്ച്,ഇങ്ങനെ ജീവിച്ചിട്ടെന്തിനാന്നു ചോദിച്ച് അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാൻ എന്റെ നാഥനായ കർത്താവിനോട് അവൾക്കുവേണ്ടി പ്രാർത്ഥിച്ചു.അവളുടെ പാനപാത്രം തിരിച്ചെടുക്കണേ കർത്താവേന്ന് ഉള്ളുകൊണ്ടു കരഞ്ഞു. എന്റെ മണവാട്ടീ എന്ന് അവൻ എന്റെ കാതിൽ ചുണ്ടു ചേർത്തു.ഞാൻ നിറഞ്ഞ ശാന്തിയോടെ സമാധാനമായി ഉറങ്ങി. നാലാമദ്ധ്യായം ഒരു ദിവസം അപ്പൻ എന്നോടു പറഞ്ഞു,മോളെന്റെ കൂടെ ഒരെടം വരെ വരണം.നല്ല ഒരു മെഷീൻ അപ്പന്റെ കമ്പനിയിൽ പുതിയതായി വരുന്നെന്നും അത് അവിടെയെത്തണമെങ്കിൽ എന്റെ സഹായം വേണമെന്നും വേറെ എന്തൊക്കെയോ ബിസിനസ് കാര്യങ്ങളും.അപ്പൻ വിശദീകരിച്ചതൊന്നും എനിക്ക് മനസ്സിലായില്ല.എനിക്കെന്താണ് ബിസിനസിൽ കാര്യമെന്നു മാത്രം ഞാൻ ആലോചിച്ചു. നഗരത്തിലെ ഒരു ഹോട്ടലിലേക്കാണ് അപ്പൻ എന്നെ കൊണ്ടുപോയത്.മുറിയിൽ അറുപതിനോടടുത്ത ഒരു മനുഷ്യൻ അലക്കി വടിവു വരുത്തിയ വെള്ള ഖദർ ഷർട്ടും പച്ചക്കരയുള്ള ഖദർ മുണ്ടും ധരിച്ച് അക്ഷമനായിരിക്കുന്നുണ്ടായിരുന്നു.സ്വർണഫ്രെയിമുള്ള കണ്ണട അയാളുടെ കഷണ്ടിത്തലയ്ക്ക് അത്ര ചേർച്ചതോന്നിയില്ല.ആ മുഖം എനിക്കു നല്ല പരിചയമുള്ളതായിരുന്നു.പക്ഷെ എത്ര ഓർത്തുt\m¡nയിട്ടും ആരാണെന്നു പിടികിട്ടിയില്ല. അപ്പനും അയാളും എന്തൊക്കെയോ സംസാരിച്ചിരുന്നു.ഇതിനിടയിൽ ഞങ്ങൾക്ക് കുടിക്കാനായി അയാൾ കൂൾഡ്രിങ്ക്സ് വരുത്തിയെങ്കിലും അ¸ൻ കുടിച്ചില്ല.എനിക്കാണെങ്കിൽ ഒരുതരം പരവേശമുണ്ടായിരുന്നതുകൊണ്ട് ഞാനാ ഗ്ലാസെടുത്ത് ഒറ്റവലിക്കു കുടിച്ചു.വല്ലാത്ത ഒരാശ്വാസം അതോടെ കൈവന്നു.അപ്പനും അയാളും മറ്റേതോ ലോകത്തിരുന്ന് സംസാരിക്കുന്ന രണ്ട് കൊച്ചു മനുഷ്യരെപ്പോലെ തോന്നി.അവരുടെ വാക്കുകൾക്ക് സ്പഷ്ടതയില്ലായിരുന്നു.എന്റെ കണ്ണുകൾ താനേ അടഞ്ഞുപോയി.പടർന്നുപോകുന്ന കാഴ്ചയും കൂടിക്കലരുന്ന അവ്യക്ത വാക്കുകളും. പിന്നെ ഞാനറിയുന്നത് താങ്ങാനാവാത്ത ഭാരത്തിന്റെ മനം മടുപ്പിക്കുന്ന വൃത്തികെട്ട ഗന്ധമാണ്.എനിക്ക് ശ്വാസം‌മുട്ടൽ അനുഭവപ്പെട്ടു.ഒരു ശ്വാസം മാത്രമേ എനിക്കു വേണ്ടൂ.അതിനായി ഞാൻ പിടഞ്ഞു.എവിടെയൊക്കെയോ മുറിഞ്ഞു നീറുന്നു.വീണ്ടും പുതിയ മുറിവുകൾ ഉണ്ടാകുന്നു.മുറിവുകളിൽ നിന്നൊഴുകുന്ന ചോരയുടെ ചൂട് കാലുകളിലേക്കിറങ്ങുന്നത് എനിക്കറിയാം.എനിക്കൊന്നും മിണ്ടാനാവുന്നില്ല.നാക്ക് കുഴഞ്ഞു കുഴഞ്ഞു പോകുന്നു.പിന്നെ ഒന്നുമറിയാത്ത അബോധത്തിന്റെ കയത്തിലേക്ക് ഞാൻ വഴുതി വീണു. ഇടയ്ക്കെപ്പോഴോ ബോധം ഒരു മിന്നൽ കണക്കെ വന്നുപോയപ്പോൾ വേദനയും നീറ്റലും കൊണ്ട് അനങ്ങാൻ വയ്യാത്ത അവസ്ഥയിലും അഞ്ചാറുപേരുടെ ആൺശബ്ദം അവ്യക്തമായെങ്കിലും ഞാൻ കേട്ടു. -ഇപ്പൊത്തന്നെ എട്ടുപേരായി.ഇനി അതു ചത്തുപോം. -നിങ്ങടെ കാര്യം കഴിഞ്ഞല്ലോ.ഇങ്ങനെ കൈ മലത്തല്ലേ. -ങാ..എന്നാ നീയും കേറ്.ചത്താ അപ്പോ നോക്കാം ബാക്കി. ആരോ എന്റെ കൈകളിൽ ബലമായി പിടിച്ചു.മറ്റൊരാൾ എന്റെ കാലുകൾ വലിച്ചകത്തി.ഒരാളുടെ പല്ലുകൾ എന്റെ മുലഞെട്ട് കടിച്ചു പറിച്ചപ്പോൾ ഞാൻ ഉച്ചത്തിൽ നിലവിളിച്ചു.അപ്പോൾ അവർ പൊട്ടിച്ചിരിച്ചു.പാവം,കരയാൻ പോലും വയ്യ അതിനെന്നു പറഞ്ഞ് ഒരുത്തൻ എന്റെ അരയ്ക്കു താഴെ മുഖമമർത്തി.മുറിഞ്ഞു മുറിഞ്ഞ് എന്റെ ശരീരം കഷണങ്ങളാകുന്നത് ഞാനറിഞ്ഞു. ഒരു രോദനത്തിനും പ്രസക്തിയില്ലെന്നറിഞ്ഞ് ഞാൻ എന്റെ കർത്താവിനെ പൂർണമനസ്സോടെ വിളിക്കാൻ തുടങ്ങി. അഞ്ചാമദ്ധ്യായം ഞങ്ങളു വീടു പണിയാൻ പോവാടീ സോഫീന്നു പറഞ്ഞുകൊണ്ടാണ് അന്ന് സെലീന വന്നത്.പള്ളിപ്പറമ്പിൽനിന്നും ആത്മാക്കളെ വഹിച്ചുകൊണ്ടുവരുന്ന കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയി.ഒരു നെടുങ്കൻ ചേര എലിയെ കടിച്ചുപിടിച്ച് കുറ്റിക്കാട്ടിലേക്കിഴയുന്നതിനിടയിൽ തല ചരിച്ച് ഞങ്ങളെ ഒന്നു നോക്കി.പടിഞ്ഞാറ് ആശാട്ടിയുടെ കടവിലെ കൈതക്കാട്ടിൽനിന്ന് മറിയപ്പുലക്കള്ളി പായ പൊല്ലാൻ തഴ ചെത്തിയെടുക്കുന്നു. അതിനൊക്കെ ഒരുപാടു കാശാവത്തില്ലേ?ഞാൻ ചോദിച്ചു. കാശിനാണോ പഞ്ഞമെന്നു ചോദിച്ച് അവൾ ചിരിച്ചു.ഒരുദിവസം ഞാനെന്റെ അമ്മച്ചിക്ക് എത്രരൂപാ ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെന്നു നിനക്കറിയാമോ?ഇപ്പോ കൊച്ചുമ്മച്ചായൻ മാത്രമല്ലല്ലോ അവടെ വരുന്നത്. പിന്നെ?! കണക്കൊക്കെ അമ്മച്ചി വെച്ചോളും.ഞാൻ വെറുതെ കെടന്നുകൊടുത്താപ്പോരേ? അപതീക്ഷിതമായി പൊട്ടിവീണ മഴപോലെ അവളുടെ കണ്ണുകൾ തുളുമ്പിയൊഴുകി. കലുങ്കിനടിയിൽ ടെന്റുകെട്ടി പാർക്കുന്ന തമിഴന്മാരുടെ ഉച്ഛിഷ്ടത്തിന്റെ വൃത്തികെട്ട വാട കാറ്റിൽ നിറഞ്ഞു.തെക്കെ ചെമ്പരത്തിക്കാട്ടിലാണ് അവർ വെളിക്കിരിക്കുന്നത്. ഞാൻ സെലീനയെ ആശ്വസി¸nക്കുകയും എന്റെ ഹോട്ടലനുഭവത്തിന്റെ മൃഗീയമായ ഓർമകൾ പങ്കുവെക്കുകയും ചെയ്തു. നമ്മളെന്താ സോഫീ ഇങ്ങനായിപ്പോയേ...സെലീന വീണ്ടും കരഞ്ഞു.ഇനിമുതൽ എനിക്കു പുറത്തും പോണം,കാറുമായി വരുന്നോരടെ കൂടെ. എവിടേക്ക്? അതൊക്കെയെന്തിനാ ഞാൻ തെരക്കുന്നെ?അമ്മച്ചി എല്ലാം തീരുമാനിക്കും.അവർക്ക് കാശു കിട്ടിയാൽ മതിയല്ലോ. ഇയ്യിടെയായി ഞങ്ങൾ ആഴ്ചപ്പതിപ്പുകൾ വായിക്കാറില്ല.ജീവിതത്തെക്കുറിച്ചുതന്നെ ഒരുപാട് സംസാരിച്ചിരിക്കാനുള്ള വിഭവങ്ങൾ ഞങ്ങൾക്കുണ്ട്.പിന്നെന്തിന്? അപ്പോളെനിക്കു തോന്നി ഞങ്ങളൊക്കെ വെറും വില്പനച്ചരക്കുകൾ മാത്രമാണ്.മനസ്സില്ലാത്ത ജീവനില്ലാത്ത വെറും ചരക്കുകൾ.ഉത്പ്പന്നങ്ങൾ.ഉത്പ്പന്നങ്ങൾക്ക് പല കൈകൾ മാറി മാറി കടന്നു പോവുകയേ നിവൃത്തിയുള്ളു. സോഫി എഴുന്നേറ്റു.അവളുടെ മുഖത്ത് ഉറച്ച തീരുമാനത്തിന്റെ പക്വത തിളങ്ങി.എന്റെ തോളിൽ പിടിച്ച് കണ്ണുകളിലേക്കുറ്റുനോക്കി അവൾ പറഞ്ഞു: എന്തു ചെയ്യണമെന്നെനിക്കറിയാം.ഞാനതു ചെയ്യും. എന്താടീ? നീ എന്റെ കൂടെ നിക്കാവോ? നീ പറ. നമുക്കെങ്ങോട്ടെങ്കിലും പോകാം.ഇവരാരും തെരക്കി വരാത്ത ഒരെടത്തേക്ക്. ഞാനതേക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ലായിരുന്നു.പെട്ടെന്നൊരു മറുപടി പറയാനാവാതെ നിന്നപ്പോൾ അവൾ പറഞ്ഞു: നീ വന്നാലുമില്ലെങ്കിലും ഞാമ്പോവും.അതു തീർച്ച്. എനിക്ക് ആലോചിക്കണം.കർത്താവുമായി ചർച്ച് ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്.അതുകൊണ്ട് അപ്പോൾ ഞാൻ ഒരു തീരുമാനം പറഞ്ഞില്ല. ആറാമദ്ധ്യായം ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ സോഫയിലിരുന്ന് പത്രത്താളുകൾ വെറുതെ മറിക്കുകയായിരുന്നു.ഒരു വനിതാ മാസിക വായിച്ചുകൊണ്ട് അമ്മച്ചി തൊട്ടടുത്തുണ്ട്.പനിയുടെ അസ്വസ്ഥതകൊണ്ട് അമ്മച്ചി ലീവെടുത്തിരിക്കുകയാണ്.അമ്മച്ചി എന്നോടൊപ്പമാണ് ഇപ്പോൾ മിക്ക സമയങ്ങളിലും.ഹോട്ടലനുഭവത്തിനു ശേഷം എനിക്കു തീരെ അനങ്ങാൻ വയ്യാത്ത അവസ്ഥയിൽ അമ്മച്ചിയാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്.പതിനെട്ടുദിവസം ഞാൻ ആശുപത്രിയിൽ കിടന്നു.നടന്നതൊക്കെ ഞാൻ അമ്മച്ചിയോട് തുറന്നു പറഞ്ഞു.ഭ്രാന്തു പിടിച്ചതുപോലെ അമ്മച്ചി അലറിക്കരയുകയും പിന്നെ കുറെ നേരത്തേക്ക് ബോധം കെട്ടു കിടക്കുകയും ചെയ്തു.അപ്പൻ വന്നാണ് മുഖത്തുവെള്ളം തളിച്ച് ഉണർത്തിയത്.അപ്പന്റെ മുഖം കണ്ടതും വല്ലാത്തൊരു ഉൾക്കരുത്തോടെ അമ്മച്ചി അപ്പന്റെ കഴുത്തു പിടിച്ചു ഞെരിച്ചു. എങ്ങനെ നിങ്ങക്കിതിനു മനസുവന്നു?ഇതു നിങ്ങടെ കൊച്ചല്ലെന്നു തോന്നുന്നുണ്ടോ? വല്ലാത്ത ഒച്ചയായിരുന്നു അമ്മച്ചിക്ക്. അപ്പൻ നിന്നു വിയർത്തു.ഒടുവിൽ അമ്മച്ചിയുടെ കൈകളിൽനിന്നു രക്ഷപെട്ട് തലകുനിച്ചിറങ്ങിപ്പോയി. ആശുപത്രിയിൽ വെച്ചാണ് ആ സംഭവം പുറത്തറിയുന്നത്.ഡോക്ടർ പോലീസിൽ പറഞ്ഞു.അവർ ചോദ്യം ചെയ്യലിനായി എന്റടുത്തെത്തി.ഞാൻ കർത്താവിനെ സാക്ഷി നിർത്തി എല്ലാം ഉള്ളതുപോലെ പറഞ്ഞു.അവർ അപ്പനെ അറസ്റ്റ് ചെയ്തോണ്ടു പോയി.പിന്നെ പ്രതികളെന്നു പറഞ്ഞ് അറസ്റ്റു ചെയ്തവരെയൊന്നും എനിക്കറിയില്ലായിരുന്നു.സ്വർണഫ്രെയിമുള്ള കണ്ണാടി വെ¨ കഷണ്ടിക്കാരന്റെ രൂപം മാത്രമേ എനിക്കോർമ്മയുള്ളു.അയാളുടെ പേരാകട്ടെ എനിക്കറിയുകയുമില്ല.എനിക്കറിയാവുന്ന അടയാളങ്ങളൊക്കെ ഞാൻ പറഞ്ഞുകൊടുത്തു.പത്രങ്ങളൊക്കെ എനിക്കുവേണ്ടി ഒരുപാടെഴുതി. തിരഞ്ഞെടുപ്പുകാലമായതുകൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാണ്.മൈക്കിലൂടെ അഭ്യർത്ഥനകളും അപേക്ഷകളും വായുവിൽ ഒഴുകി നടന്നു. പെട്ടെന്ന് എന്റെ കയ്യിലിരുന്ന പത്രത്തിന്റെ ഉൾപേജിലെ ആ ഫോട്ടോ ഞാൻ കണ്ടു.ആ സ്വർണക്കണ്ണടക്കാരൻ ജനങ്ങളോട് വോട്ടു ചോദിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം.ഭീതിദമായ ഒരു നടുക്കത്തോടെ ഞാൻ അയാളെ തിരിച്ചറിയുകയായിരുന്നു.നാടെങ്ങും അറിയപ്പെടുന്ന ആ രാഷ്ട്രീയക്കാരൻ കേന്ദ്രത്തിൽ ഏതോ സ്ഥാനം വഹിക്കുന്നയാളാണെന്ന് എനിക്കറിയാമായിരുന്നു.ഞാൻ ആവേശത്തോടെ അമ്മച്ചിയെ വിളിച്ചു. അമ്മച്ചീ.ദാ..ഇതാണയാൾ. എന്നെപ്പോലെതന്നെ അവിശ്വസനീയമായ,ഉൾക്കൊള്ളാനാവാത്ത എന്റെ സത്യപ്രസ്താവം കേട്ട് അമ്മച്ചിയുടെ മുഖം ഭീതിയിൽ ഇല്ലാതാകുന്നത് ഞാൻ കണ്ടു.അവരുടെ മൂക്കിൽനിന്നും പനിയുടെ നീരൊഴുക്കു തുടർന്നു.എങ്കിലും അമ്മച്ചി ധൈര്യം സംഭരിച്ച് പോലീസ് സ്റ്റേഷനിൽ വിളിച്ചു.നിമിഷങ്ങൾക്കകം ഒരു ജീപ്പു നിറയെ പോലീസുകാർ വീട്ടിലെത്തി.ഞാനവരെ ആ ഫോട്ടോ കാണിച്ചു.പോലീസ് ഓഫീസർ എന്നോട് കയർത്തു. അദ്ദേഹം ആരാണെന്നു നിനക്കറിയാമോ? ഇല്ല.അങ്ങനെ പറയാണാണ് എനിക്കു തോന്നിയത്. വെറുതെ ഏടാകൂടങ്ങളിലൊന്നും ചാടണ്ട.അയാൾ കണ്ണുകൾ കൊണ്ട് എന്നെ ഊറ്റിക്കുടിച്ചു.അയാളുടെ ചുണ്ടിന്റെ കോണിൽ ഒരു വഷളച്ചിരി അവശേഷിച്ചു. ഈ സംഭവത്തിൽ കണ്ണാടിക്കാരൻ നേതാവിന്റെ പേരു വന്നതിനുശേഷം അതുവരെ എനിക്കുവേണ്ടി വാദി¨ പത്രങ്ങളെല്ലാം ഒറ്റരാത്രി ഇരുണ്ടു വെളുത്തപ്പോൾ നേരേ തിരിയുന്നതാണു കണ്ടത്.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വേശ്യയായി അവരെന്നെ ജനങ്ങൾക്കു മുമ്പിൽ വിളമ്പി.വായനക്കാർക്കു രസിക്കാൻ പാകത്തിലുള്ള ചേരുവകൾ പാകത്തിനിണക്കിച്ചേർത്ത് നേരമ്പോക്കു കഥകളിലെ നായികയായി ഞാൻ പത്രങ്ങളിൽ നിറഞ്ഞു.ഒരു പത്രത്തിൽ വന്ന കാർട്ടൂണിലാകട്ടെ ഞാനെന്ന കുട്ടിവേശ്യയെ നല്ല നടപ്പിന് ഉപദേശിക്കുന്ന പുണ്യവാളനായി ആ കണ്ണടനേതാവ് പ്രത്യക്ഷമാവുകയും ചെയ്തു. ഞാൻ വെറുതെ ചിന്തിച്ചു നോക്കി.അയാളുടെ കൊച്ചുമകളായിരുന്നു ഞാനെങ്കിൽ പത്രക്കാരുടേയും രാഷ്ട്രീയക്കാരുടേയും ഒക്കെ നിലപാട് ഇതുതന്നെയാകുമായിരുന്നോ?ജനങ്ങളെ രക്ഷിക്കേണ്ട രാഷ്ട്രീയക്കാർ പിഞ്ചുമാംസങ്ങൾ ചവച്ചു തുപ്പിയാലും അവർക്കു തുണ നിൽക്കുന്ന സമൂഹത്തോട് എനിക്ക് കടുത്ത വെറുപ്പും അമർഷവും തോന്നി.കേസും കൂട്ടവും നല്ല രീതിയിലല്ല പോകുന്നതെന്ന് എനിക്കുറപ്പായിക്കഴിഞ്ഞു. ഏഴാമദ്ധ്യായം തെളിവെടുപ്പിനെന്നും പറഞ്ഞ് ഇടയ്ക്കിടെ പോലീസുകാർ ജീപ്പിൽ കയറ്റി എന്നെ കൊണ്ടുപോയത് ഒരു തെളിവും എടുക്കാനല്ല.അവർക്കാവശ്യം എന്റെ ശരീരത്തിൽ നടന്ന നരനായാട്ടിനെക്കുറിച്ച് ഞാൻ തന്നെ പറഞ്ഞുകേൾക്കണം.ഒരശ്ലീല സി.ഡി.കണ്ടു രസിക്കുന്നതുപോലെ എന്റെ വിവരണങ്ങൾ കേട്ട് അവർക്ക് ലഹരി പിടിക്കണം.ഒരു നീലപ്പടത്തിന്റെ ശബ്ദരേഖ മാതിരി അവർ വള്ളി പുള്ളി വിടാതെ എന്നെക്കൊണ്ട് എല്ലാം പറയിച്ചു.പോകുമ്പോഴും മടങ്ങുമ്പോഴും നാൽക്കവലകളിൽ ഏതോ അത്യാവശ്യത്തിനെന്നവണ്ണം ജീപ്പുനിർത്തി ലോക്കൽ നേതാക്കന്മാർക്ക് എന്നെ പ്രദർശിപ്പിച്ചു. കർത്താവ് എന്നോടൊപ്പമുള്ളതിനാൽ ഞാനപ്പോഴൊക്കെയും പിടിച്ചുനിന്നു.എനിക്ക് വേവലാതിയോ തെല്ലെങ്കിലും കൂസലോ അപ്പോഴൊന്നും തോന്നിയില്ല.ഞാൻ തെറ്റുകാരിയല്ല,അപ്പൻ വിളിച്ചപ്പോൾ കൂടെപ്പോയത് തെറ്റാണോ?ആ ഒരു നിലപാടിൽ ഞാനുറച്ചു നിന്നു.ഞാൻ ആത്മഹത്യ ചെയ്യുമെന്നു കരുതിയവരെയൊക്കെ എനിക്ക് കടുത്ത നിരാശതയിൽ മുക്കി കൊല്ലേണ്ടിവന്നു.. ഈ നാടുവിട്ട് മറ്റെവിടെയെങ്കിലും പോകണമെന്ന നിർബന്ധം അമ്മച്ചിക്കായിരുന്നു.ഞാൻ തടഞ്ഞു. വേണ്ടമ്മച്ചീ.നമുക്കിവിടെത്തന്നെ ജീവിക്കണം.ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നമുക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം. അമ്മച്ചി എന്നെ ചേർത്തു പിടിച്ച് കണ്ണീരൊഴുക്കി. ഞാൻ സെലീനയുടെ വീട്ടിൽ ചെന്നപ്പോൾ അവൾ പുറത്തു പോയിരിക്കയാണെന്ന് അവളുടെ അമ്മച്ചി പറഞ്ഞു.വിശാലമായി ചിരിച്ചുകൊണ്ട് അവരെന്നെ സ്വീകരിച്ചു.കാപ്പിയും കുഴലപ്പവും മുമ്പിൽ കൊണ്ടുവെച്ചു.ഒരിക്കലും മോചനമില്ലാത്ത ദു:ഖത്തിൽ അകപ്പെട്ടു കിടക്കുകയാണ് ഞാനെന്ന ധാരണയിലാണ് അവർ എന്നോടു പെരുമാറിയത്.ഈ നാട്ടിൽത്തന്നെ അന്തസ്സായി ജീവിക്കാനുള്ള മാർഗം അവർ ഉപദേശിച്ചു തന്നു,അവരോടൊപ്പം കൂടുക.നനഞ്ഞിറങ്ങിയാൽ കുളിച്ചു കേറണമെന്നും ആകെ മുങ്ങിയാൽ പിന്നെന്തു കുളിര് എന്നുമൊക്കെ അവർ ഉദാഹരണസഹിതം വിശദീകരിച്ചു.ഒന്നും മിണ്ടാതെ ഞാൻ മടങ്ങി. അന്നു പതിവുപോലെ പുറത്തുപോയ സെലീന പിന്നീട് മടങ്ങിയെത്തിയില്ല എന്നു ഞാനറിഞ്ഞു.അവൾ അമ്മയോട് പകരം വീട്ടിയിരിക്കുന്നു.എവിടെയെങ്കിലും അവൾ സമാധാനമായി ജീവിക്കട്ടെ.കർത്താവേ,അവളെ നീ കാക്കണേ!പിന്നീട് ഞാൻ സെലീനയെ കണ്ടിട്ടേയില്ല. ജംഗ്ഷനിലുള്ള വായനശാലയിൽ ചേർന്ന് പുസ്തകമെടുക്കാനായി പോകുമ്പോൾ അടക്കിപ്പിടിച്ചകമന്റുകൾ ഓട്ടോറിക്ഷക്കാരിൽ നിന്നും കടത്തിണ്ണകളിൽ നിന്നും കേട്ടതിനെ ഞാൻ അവഗണിച്ചു.കൂട്ടുകാർക്കിടയിൽ കേമത്തം കാട്ടാനായി ഒരുവൻ എന്റെ അരികിൽ വന്ന് ചോദിച്ചു: വണ്ടിയുണ്ട്.വരുന്നോ? ഞാൻ അവന്റെ മുഖത്തേക്കു തിരിഞ്ഞ് ഉച്ചത്തിൽ പറഞ്ഞു. അതിന് നിന്നെക്കൊണ്ടുമാത്രം എന്താകാനാ?നിനക്കതിനുള്ള ആമ്പിയറുണ്ടോടാ? ആദ്യം ഒരു നിശ്ശബ്ദത.പിന്നെ അവനെ കൂക്കിവിളിച്ചുകൊണ്ടുള്ള കമന്റുകൾ.അപ്പോൾ ഓട്ടോക്കാരുടെ കൂട്ടം കോറസായി പറഞ്ഞു: ഞങ്ങളെല്ലാം കൂടി വന്നാലോ? ഞാൻ നടുറോഡിലേക്ക് നീട്ടിത്തുപ്പി. ആവാം.നിന്റെയൊക്കെ അമ്മപെങ്ങമ്മാരേക്കൂടി വിളിച്ചോ. പെട്ടെന്ന് രംഗം ശാന്തമായി. ഞാൻ വായനശാലയിലേക്ക് നടന്നു. എട്ടാമദ്ധ്യായം മർക്കോസ് സാർ എന്നെ കാണാൻ വീട്ടിൽ വന്നത് എനിക്കു മറക്കാനാവില്ല.ഇത്രയുമൊക്കെ സംഭവങ്ങളുണ്ടായിട്ടും എന്റെ സ്കൂളിലെ അധ്യാപകരോ വിദ്യാർത്ഥികളിലാരെങ്കിലുമോ ഒരാശ്വാസവചനവുമായി എന്നെ തേടിയെത്തിയിരുന്നില്ല.എന്റെ പഠനമൊക്കെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.അപ്പോഴാണ് മലയാളം പഠിപ്പിക്കുന്ന മർക്കോസ് സാർ എന്നെ കാണാനെത്തിയത്. കർത്താവ് മർക്കോസ് സാറിന്റെ രൂപത്തിൽ എനിക്കു മുമ്പിൽ പ്രത്യക്ഷമായെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.അദ്ദേഹം എന്നിൽ അളവറ്റ സ്നേഹവും കാരുണ്യവും ചൊരിഞ്ഞു.വർദ്ധിത വീര്യമുള്ള ആത്മവിശ്വാസം നിറച്ചു.സ്കൂളിൽ വന്ന് തുടർന്നു പഠിക്കാനും ഇടവേളകളിൽ കൃഷിയിൽ ശ്രദ്ധിക്കാനും പ്രേരിപ്പിച്ചു.അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ ചലനമുണ്ടാക്കി.എന്റെ രക്ഷയെ കരുതി സ്നേഹത്തേൻ പുരട്ടിയ വാക്കുകൾ വിളമ്പുന്ന ഇദ്ദേഹം ദൈവമോ ദൈവദൂതനോ അല്ലാതെ മറ്റാരുമല്ലെനിക്ക്. ഇന്നലെകളെയോർത്ത് കരഞ്ഞുകൊണ്ടിരിക്കുന്നതിൽ കാര്യമില്ല,ആത്മവിശ്വാസത്തോടെ ഇന്നിൽ ജീവിക്കണം,തന്റേടമായി,മാന്യമായി ജീവിക്കണം,അദ്ദേഹം പറഞ്ഞു. സ്കൂളിൽ മറ്റുള്ളവരിൽനിന്ന് മനോവിഷമമുണ്ടാക്കുന്ന ഒന്നുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പു തന്നു.ഇക്കൊല്ലത്തെ പബ്ലിക് പരീക്ഷയിൽ നല്ല മാർക്കു വാങ്ങാമെന്നും അതു കഴിഞ്ഞാലും പഠനം തുടരണമെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലനായി. അങ്ങനെ ഞാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി.അപൂർവ്വം ചില കുത്തുവാക്കുകൾ രഹസ്യമായി ഉണ്ടാകാതെയിരുന്നില്ല.അതിനെ ഞാൻ അവഗണിച്ചു.അദ്ധ്യാപകരെല്ലാം എന്നോട് വളരെ സ്നേഹപൂർവ്വം സഹകരിച്ചു.മർക്കോസ് സാർ പ്രത്യേകം നിഷ്ക്കർഷിച്ചിട്ടുണ്ടാവണം. എന്നെ കൃഷിഭവനിൽ കൊണ്ടുപോയി ആഫീസറെ പരിചയപ്പെടുത്തിയതും മർക്കോസ് സാറാണ്.കുറെ പച്ചക്കറി വിത്തുകൾ അദ്ദേഹം വാങ്ങിത്തന്നു.വീടിനു പിറകിലുള്ള പറമ്പു ചൂണ്ടിക്കാട്ടി കൃഷി തുടങ്ങാനുള്ള മാർഗനിർദേശങ്ങളും അദ്ദേഹം നൽകി. അമ്മച്ചിയും ഞാനും ചേർന്ന് പാഴായി കിടന്ന പറമ്പിൽ കൃഷി തുടങ്ങി.സ്കൂൾ വിട്ടു വന്ന ശേഷം വൈകുന്നേരങ്ങളിൽ ഞങ്ങൾ അവയ്ക്ക് വെള്ളം പകർന്നു.വേണ്ട സമയത്ത് വളം കൊടുത്തു.ക്രമേണ കൃഷി എനിക്കൊരു ലഹരിയായി മാറി. ഭൂമി പൊട്ടി പിളർന്നു വരുന്ന ആദ്യമുള എന്നെ കോരിത്തരിപ്പിച്ചു.ആദ്യം വിടരുന്ന ഇല,ആദ്യത്തെ പൂവ്,പിറന്നുവീഴുന്ന കായകൾ ഒക്കെ എന്നിൽ വല്ലാത്തൊരനുഭൂതിയായി.ഞാൻ കൃഷിക്കടിമയാവുകയായിരുന്നു.മർക്കോസ് സാറിനു ഹൃദയത്തിൽ നന്ദി പറഞ്ഞു. എന്റെ തോട്ടം കാണാൻ മർക്കോസ് സാർ വന്നു.അദ്ദേഹം പതിവിൽ കൂടുതൽ സന്തോഷിച്ചു.ഇത്ര സന്തോഷവാനായി അദ്ദേഹത്തെ ഞാൻ കണ്ടിട്ടേയില്ല. അദ്ദേഹം പറഞ്ഞു: ദൈവനീതി എന്നൊന്നുണ്ടു സോഫീ.അതു മനുഷ്യന്റെ വിധിയെഴുത്തല്ല.ആരുടേയും ഒരു സ്വാധീനവുമേശാത്ത നീതിപീഠമാണത്.വിതയ്ക്കുന്നവൻ വിതയ്ക്കുന്നത് കൊയ്യും.അതിനു മാറ്റമില്ല.ന്യൂട്ടന്റെ നിയമം പഠിച്ചിട്ടില്ലേ,പ്രതിപ്രവർത്തന നിയമം. അന്നാദ്യമായി ഞാൻ മർക്കോസ് സാറിന്റെ പാദം തൊട്ടു നമസ്കരിച്ചു.അദ്ദേഹം എന്റെ ശിരസ്സിൽ കൈവെച്ചനുഗ്രഹിച്ചു: ദൈവം നിന്നെ രക്ഷിക്കും മോളേ. ഒൻപതാമദ്ധ്യായം പത്തിലെ വല്യവധിക്ക് ഞാൻ റാഹേലമ്മാമ്മേടടുത്ത് തയ്യലു പഠിക്കാൻ ചേർന്നു.കൈത്തയ്യലും ബട്ടൺസും ഹുക്കും പിടിപ്പിക്കലുമൊക്കെ ഞാൻ പെട്ടെന്നു പഠിച്ചു.പിന്നെ വക്കടിക്കൽ.പാഴ്തുണികളിലാണ് ആദ്യം വെട്ടി പഠിച്ചത്.കൃത്യമായ അളവിൽ »uസ് തയ്ക്കാമെന്നായപ്പോൾ അമ്മാമ്മ സ്വന്തം »uസിനുള്ള തുണി എന്നെക്കൊണ്ട് വെട്ടി തയ്പ്പിച്ചു.»ukpw പാവാടയും തയ്ക്കുന്നതിൽ എനിക്ക് പ്രത്യേകമായ ഒരു താല്പര്യം കൈവന്നു.റാഹേലമ്മാമ്മയുടെ അടുത്ത് തയ്ക്കാൻ കൊടുക്കുന്ന മുതിർന്ന പെണ്ണുങ്ങൾ പോലും അവരുടെ »uസ് ഞാൻ തയ്ച്ചാൽ മതി എന്നു പറഞ്ഞു തുടങ്ങി.അമ്മച്ചിമാർക്കും ചട്ട ഞാൻ തന്നെ തയ്ക്കണം. ഇതിനിടെ റിസൾട്ട് വന്നു.എനിക്ക് ഡിസ്റ്റിംഗ്ഷനുണ്ട്.അന്ന് അമ്മച്ചി എന്നെ വിളിച്ച് തിരുരൂപത്തിനു മുമ്പിൽ മുട്ടുകുത്തിനിന്ന് ഒരുപാടുനേരം പ്രാർത്ഥിച്ചു.പിന്നെ തൃപ്പാദങ്ങളിൽ മുഖം മുത്തി കണ്ണുനീർ കൊണ്ടു പാദം കഴുകി.അപ്പോഴൊക്കെയും ഈശോ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.നിന്നെ ഞാൻ കൈവിട്ടുവെന്ന് നീ വിചാരിച്ചുവോ എന്നു ചോദിക്കുന്നതുപോലെ എനിക്കു തോന്നി. പട്ടണത്തിലെ സ്കൂളിൽ പ്ലസ് വണ്ണിനു ചേരാനുള്ള ഏർപ്പാടുകളെല്ലാം ചെയ്തു തന്നത് മർക്കോസ് സാറാണ്.ക്ലാസു തുടങ്ങി.ബസു കേറാൻ ജംഗ്ഷനിൽ വന്നു നിൽ‌ക്കുമ്പോൾ ആരും കമന്റു പറയാതെയായി.എങ്കിലും ഒറ്റപ്പെട്ട കുത്തുവാക്കുകളും പരിഹാസങ്ങളുമൊക്കെ അദൃശ്യമായ ചില ഇരുൾമൂലകളിൽ നിന്നും എന്നെ വന്നു തൊടുന്നത് ഞാനറിഞ്ഞില്ലെന്നു ഭാവിച്ചു. റാഹേലമ്മാമ്മയുടെ അടുത്തുപോകാൻ സമയമില്ലെന്നായി.പഠിക്കാൻ ധരാളമുണ്ട്.കൃഷി ഉപേക്ഷിക്കാൻ വയ്യ.ആഴ്ചയിലൊരിക്കൽ വീട്ടുപടിക്കൽ ടെമ്പോയുമായി ആന്റണിച്ചായൻ വരുമ്പോൾ കൊടുക്കാൻ പാകത്തിൽ മത്തനും വെള്ളരിയും പയറുമുണ്ടാകണം.അതിന് ഒരു വിട്ടുവീഴ്ചയും പാടില്ല.ആന്റണിച്ചായൻ പട്ടണത്തിലെ പച്ചക്കറിയുടെ മൊത്തവ്യാപാരിയാണ്.കടം പറയാതെ അപ്പോൾത്തന്നെ കാശും തരും. സെലീനയുടെ അമ്മച്ചിക്ക് ഇപ്പോൾ എന്നോട് വല്ലാത്ത അസൂയയാണ്.വഴിയിൽ‌വെച്ച് നേർക്കുനേരേ കണ്ടാലും മിണ്ടത്തില്ല. ഞാനവർക്ക് എന്തോ ദ്രോഹം ചെയ്ത മട്ടിൽ കുത്തിവീർത്ത് പോകുന്നതു കാണാം. കൃഷിയിൽനിന്നും നല്ല വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ അമ്മച്ചിയുടെ അഭിപ്രായമനുസരിച്ച് ഞങ്ങൾ മർക്കോസ് സാറിനെ കാണാൻ പോയി.കുറച്ചു പണം അദ്ദേഹത്തിനു കൊടുക്കുകയായിരുന്നു ലക്ഷ്യം.ഞങ്ങൾക്കുവേണ്ടി ആരും ആവശ്യപ്പെടാതെതന്നെ അദ്ദേഹം ഒരുപാടു ചിലവാക്കിയിട്ടുള്ളതല്ലേ.പിന്നെ കുറെ പച്ചക്കറികളും കരുതിയിരുന്നു. പച്ചക്കറികൾ അദ്ദേഹം സസന്തോഷം സ്വീകരിച്ചു.പണം ആവശ്യമുള്ളപ്പോൾ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞ് സ്നേഹപൂർവ്വം ഞങ്ങളെ തിരി¨b¨p.പഠനത്തിൽ ശ്രദ്ധിക്കണമെന്ന ഉപദേശം തരാനും മറന്നില്ല. പലരും »uസും ചട്ടയും തയ്ച്ചുകൊടുക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ വരാൻ തുടങ്ങി.ഒടുവിൽ അമ്മച്ചി റാഹേലമ്മാമ്മയുമായി സംസാരിച്ച് ഒരു മെഷീൻ തരപ്പെടുത്തി.രാത്രി പഠനം കഴിഞ്ഞ് ഒരു മണിക്കൂർ ഞാൻ തയ്ക്കാൻ തുടങ്ങി.ഞാനൊറ്റക്ക് എത്ര കിണഞ്ഞു ശ്രമിച്ചാലും സമയത്തിനു തയ്ച്ചു തീരില്ലെന്ന അവസ്ഥ വന്നപ്പോൾ ചാത്തങ്കേരിയിലുള്ള ഒരു സുമതിയെക്കൂടി തയ്ക്കാൻ വെച്ചു.അവളെയും റാഹേലമ്മാമ്മയാണു സംഘടിപ്പിച്ചു തന്നത്.സുമതി പകൽ മുഴുവൻ തയ്ക്കും.രാത്രിയിൽ ഞാൻ തുണി വെട്ടിയിടും.പിറ്റേന്ന് അവൾ തയ്ക്കും.അങ്ങനെ സുമതിക്കും ഒരു വരുമാനമാർഗം കൊടുക്കാൻ കർത്താവ് എനിക്കവസരം തന്നു. എന്റെ ദൈവമായ കർത്താവേ,ഞാൻ നിന്റെ മഹത്വമറിയുന്നു പ്രഭോ! പത്താമദ്ധ്യായം സെലീനയുടെ പ്രേരണ ഒന്നുകൊണ്ടു മാത്രമാണ് ഞാനീ ആത്മകഥ എഴുതിയത്.ഇതെഴുതി തീരുമ്പോഴും അവൾ മടങ്ങി വന്നിട്ടില്ല.ഇപ്പോൾ അവൾ എവിടെയാണെന്നും എനിക്കറിയത്തില്ല.അവളെ കണ്ടു മുട്ടണമെന്ന് തീവ്രമായി ഞാനാഗ്രഹിക്കുന്നു.എന്നോടൊപ്പം അവൾ കൂടിയുണ്ടെങ്കിൽ ഞങ്ങൾക്കൊരുമിച്ച് ഒരുപാടു കാര്യങ്ങൾ ചെയ്യാമായിരുന്നു.പൊരുതാൻ കൂടെ അവളും ഉണ്ടായിരുന്നെങ്കിൽ... ഇപ്പോൾ പ്ലസ് ടുവിനു പഠിക്കുന്ന ഞാൻ ഒരാത്മകഥയെഴുതി എന്നു പറഞ്ഞാൽ ആരും വിശ്വസിക്കത്തില്ല.മൂന്നാലു വർഷത്തിനിടയിൽ എന്റെ ജീവിതത്തിലുണ്ടായ(സെലീനയുടേയും)സുപ്രധാനമായ ചില സംഗതികളാണ് ഞാനിവിടെ എഴുതിയത്.ഇത് പുസ്തകമായി കാണാൻ ഏറെ മോഹിച്ചത് സെലീനയാണ്.ഈ പുസ്തകം കാണാനും വായിക്കാനും അവൾക്കിടവരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.പ്രിയപ്പെട്ട സെലീനാ,നീ തിരിച്ചു വരൂ.അന്നും ഇന്നും എനിക്കുള്ള ഒരേയൊരു കൂട്ടുകാരി നീ മാത്രമാണ്.എന്നെ ആത്മാവുകൊണ്ടറിഞ്ഞ മിത്രമാണു നീ. കർത്താവേ,സെലീനയെ നീ എങ്കലേക്ക് കൂട്ടിച്ചേർക്കേണമേ! ഒരിക്കൽക്കൂടി,പള്ളിപ്പറമ്പിൽ നിന്നും ആത്മാക്കളെ വഹിച്ചുകൊണ്ടുവരുന്ന കാറ്റേറ്റ് നമുക്ക് വല്യാനൂർ പറമ്പിലെ കൈതക്കാട്ടിലിരുന്ന് കഥകൾ പറയണം സെലീനാ. നമ്മുടെ മണ്ണിലെ വേരുകൾ പറിച്ചെടുത്ത് നിനക്കെവിടെ പോയൊളിക്കാൻ കഴിയും? നമുക്കീ മണ്ണിൽ വേരുകളാഴ്ത്താം.നീ വരൂ. നിനക്കു ഞാനും എനിക്കു നീയുമായി ഇനിയുള്ള കാലം നമുക്കീ മണ്ണിൽത്തന്നെ തുടരാം. സെലീനാ,നീ വരാതിരിക്കരുത്. ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നിന്നെ മാത്രം. ........................................................................................................

2 comments:

  1. കഥ മാതൃഭൂമിയില്‍ നേരത്തെ വായിച്ചതാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ അടുത്തകാലത്തും മാധ്യമങ്ങള്‍ വേട്ടയാടുനത് നാം കണ്ടതാണ്.
    എത്ര കാലം കഴിഞ്ഞാലും പെണ്ണിനുണ്ടാവുന്ന ചീത്തപ്പേര് മാറില്ല.

    ReplyDelete