പകലുടനീളം നഗരം ചത്തുകിടക്കുകതന്നെയായിരുന്നു.എന്തോ ഒരു ഹര്‍ത്താലോ കരിദിനമോ മറ്റോ ആരോ ആഹ്വാനം ചെയ്തിരിക്കണം.സന്ധ്യയായപ്പോള്‍ നഗരത്തിന്റെ ചില ഭാഗങ്ങള്‍ അനങ്ങിത്തുടങ്ങി.പൂര്‍ണആരോഗ്യം വീണ്ടുകിട്ടാത്ത തളര്‍വാതരോഗിയെപ്പോലെ നഗരം ഏന്തിവലിഞ്ഞു നടക്കാന്‍ തുടങ്ങി.രണ്ടുദിവസമായി രമണി മുഴുപ്പട്ടിണിയിലാണ്.സന്ധ്യ കഴിഞ്ഞപ്പോള്‍ അവള്‍ ബസ്റ്റാന്റിലെത്തി വല വിരിച്ച് ഇരയെ കാത്തിരുന്നു.ഇല്ല,ആരും വരുന്നില്ല.അവള്‍ എഴുന്നേറ്റ് ബസ്റ്റാന്റിലെ കടയില്‍ ചെന്ന് ഒരു സോഡ പറഞ്ഞു.കടക്കാരന്‍ തികഞ്ഞ അവജ്ഞയോടെ അവളെ ഒന്നു നോക്കുകപോലും ചെയ്യതെ ചോദിച്ചു."കാശുണ്ടോ കയ്യില്‍?"
"ഇല്ല.കൊറച്ചുകഴീമ്പം തരാം"
"ങാ,എന്നാ കൊറച്ചുകഴീമ്പം വാ"അയാള്‍ മറ്റൊരു ഉപഭോക്താവിനുനേരെ തിരിഞ്ഞു.
രമണി നിരാശപ്പെട്ടില്ല.അവള്‍ക്കിതൊന്നും പുതുമയല്ലല്ലോ.വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതൊക്കെ ആദ്യാനുഭവങ്ങളായിരുന്നു.അന്നതൊക്കെ മുള്ളുകളായിരുന്നു.ഇന്ന്....മുള്ളും പൂവും തമ്മില്‍ വ്യത്യാസമില്ലല്ലോ.അഥവാ മുള്ളുകള്‍ മാത്രമേയുള്ളുവല്ലോ.
ബസ്റ്റാന്റിന്റെ വടക്കേമൂലയ്ക്ക് ഒരു യുവാവ് ഒറ്റക്കു നില്‍ക്കുന്നതു കണ്ട രമണി സാവധാനം അങ്ങോട്ടു നടന്നു.അയാളെനോക്കി ഒന്നു ചിരിച്ച് ഒരുവട്ടം കറങ്ങി തിരിച്ചുവരുമ്പോള്‍ ഏതോ ബസ്സില്‍ കയറാനായി അയാള്‍ ഓടുന്നു.അവള്‍ക്ക് അയാളോട് തികഞ്ഞ പുഛം തോന്നി.
അവളെ അറിയുന്നവര്‍ ഒരു നികൃഷ്ടജന്തുവിനോടെന്നവണ്ണം അവളെ വെറുപ്പോടുകൂടി നോക്കുകയും അകന്നുമാറിപ്പോവുകയുംചെയ്തു.ഇത്രയും നേരമായിട്ടും തനിക്കായുള്ള ഒരാള്‍പോലും എത്തിയിട്ടില്ല.മുമ്പൊക്കെ ഇത്രയും നേരമൊന്നും കാത്തിരിക്കേണ്ടിവന്നിട്ടില്ല.കാലം ചെല്ലുന്തോറും തന്റെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടുന്നു.ഇനിയങ്ങോട്ട് കാത്തിരിപ്പിന് അര്‍ത്ഥമില്ലാതെയും വന്നേക്കാം.ഒരിക്കലും വരാനില്ലാത്ത ഒരാളെ കാത്തിരുന്ന് കാത്തിരുന്ന്......ഒരുനിമിഷം രമണി ഭാവിയെക്കുറിച്ചൊന്നു ചിന്തിച്ചുപോയി.തൊട്ടടുത്തനിമിഷം തന്നെ അവള്‍ തിരുത്തി.പാടില്ല,പാടില്ല.തനിക്കതിന് അവകാശമില്ല.
അതുവഴി ഒരു പോലീസ്ജീപ്പ് സവധാനം കടന്നുപോയി.അപ്പോള്‍ രമണി ആരുടെയൊക്കെയോ പിന്നിലേക്ക് വലിഞ്ഞൊളിച്ചു.
ഇന്നും പട്ടിണി തന്നെ ആയിരിക്കും ഫലം.ഈ നാട്ടിലെ പുരുഷന്‍മാരെല്ലാം സന്‍മാര്‍ഗികളും സദാചാരക്കാരുമായി മറിക്കഴിഞ്ഞോ?അവള്‍ നിരാശപ്പെട്ടു.
ബസ്റ്റാന്റിലെ അന്തേവസിയായ അനാഥപ്പട്ടി എവിടെനിന്നോവന്ന് രമണിയുടെ കാലടികളില്‍ ചുംബിച്ചു.ചേര്‍ന്നുനിന്ന് വാലാട്ടി.രമണിയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.അവള്‍ ആ നായയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു.അപ്പോള്‍ അവളുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ നായയുടെ നിറുകയില്‍ വീണു.പിന്നെ അതിനെ അടിച്ചുമാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു:
"നീയും പോ.എന്റടുത്തു വരണ്ട.പോ.പോ."
നായ വാലാട്ടിക്കൊണ്ട് ഒന്നുകൂടി ചേര്‍ന്നുനിന്നു.
വയറു കത്തുകയാണ്.ഇനി പാതിരാത്രി കഴിഞ്ഞ് വല്ല ലോറിക്കാരും വന്നെങ്കിലായി.അതുവരെ താന്‍ ജീവിച്ചിരിക്കുമോ?!
പതിവായി സ്റ്റാന്റിന്റെ പടിഞ്ഞാറെമൂലയ്ക്കു കിടന്നുറങ്ങുന്ന കുഷ്ടരോഗിയായ എസ്തേര്‍ അന്ന് നേരത്തെതന്നെ തെണ്ടല്‍ മതിയാക്കി തിരിച്ചെത്തി.അയാള്‍ ഞൊണ്ടി ഞൊണ്ടി രമണിയുടെ മുമ്പിലെത്തി മൂന്നുവിരലുകള്‍ ഉയര്‍ത്തി അവളെ കാണിച്ചു.അവള്‍ കണ്ണടച്ചു നിഷേധിച്ചു.അയള്‍ നാലു വിരലുകളുയര്‍ത്തി.അതും അവള്‍ നിഷേധിച്ചു.പിന്നെ അവള്‍ കണ്ണുകളില്‍ ദയനീയഭാവത്തോടെ അഞ്ചുവിരലുകള്‍ ഉയര്‍ത്തിക്കണിച്ചു.എസ്തേര്‍ തന്റെ മടിയില്‍നിന്ന് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി.നാലുരൂപ എഴുപത്തിയഞ്ച് പൈസ.
രമണിയുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട് നായ മറ്റൊരിടത്തേക്ക് പിന്‍വാങ്ങി.രമണി മൂത്രപ്പുരയ്ക്കു പിന്നിലെ ഇരുട്ടില്‍ ഭിത്തിയോടുചേര്‍ന്നുനിന്ന് ഭക്ഷണം സ്വപ്നം കണ്ടു.അരികില്‍ ഓടയുടെ ദുര്‍ഗന്ധം.എല്ലാം ആകെ വൃത്തികേടാണ്.
എസ്തേര്‍ നാലേമുക്കാല്‍ രൂപ മുതലാക്കി തന്റെ മൂലയിലേക്കു പോയി.തട്ടുകടകള്‍ സജീവമായിത്തുടങ്ങി.രമണി ആര്‍ത്തിയോടെ ഒരു തട്ടുകടയിലേക്ക് കയറിച്ചെന്ന് നാലുദോശ പറഞ്ഞ് ബെഞ്ചിലിരുന്നു.അത്രയ്ക്കും അവള്‍ തളര്‍ന്നിരുന്നു.കടക്കാരന്‍ പറഞ്ഞു:"അവിടിരിക്കണ്ട.അപ്രത്തോട്ടു മാറി നിക്ക്."
Saturday, September 12, 2009
Subscribe to:
Post Comments (Atom)
ഇതേ കഥ മുന്നേ ബ്ലോഗില്‍ ഇട്ടതല്ലേ? കഥ നന്നായി, പക്ഷേ അവളുടെ രാവുകളു‘ടെ തുടക്കം ഓര്‍മ്മവരുന്നു.
ReplyDeleteപുതുതായി ഒന്നും കണ്ടില്ല... :(
ReplyDelete