Wednesday, September 9, 2009

കത്ത്

ഇന്നെങ്കിലും പോസ്റ്റ്‌ ചെയ്യണം.കഴിഞ്ഞ നാലുദിവസങ്ങളിലും കൊണ്ടുപോയെങ്കിലും മറന്നു.വൈകിട്ട് വന്നു് ബാഗു തുറക്കുമ്പോഴാണ്‌ മറന്നതോര്‍ക്കുന്നത്‌.
ഇന്ന്‌ ഓഫീസ്‌ അവധിയാണ്‌. തുണിയലക്കാന്‍ വീണുകിട്ടി‍യ ഒരിടവേള. പുറത്തിറങ്ങേണ്ടാത്ത ഒരു ദിവസം എന്നത്‌ വല്ലാത്ത മോഹമാണ്‌. പക്ഷെ ഇന്ന്‌ ഈ കത്ത്‌ പോസ്റ്റുചെയ്തേ മതിയാകൂ. മറുകുറി പ്രതീക്ഷിക്കുന്നയാളിന്റെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കുന്നത്‌ ക്രൂരമാണ്‌. പ്രതീക്ഷിക്കുന്ന കത്ത്‌ കിട്ടാ‍തെ വരുമ്പോഴുള്ള അവസ്ഥ നന്നായി അറിയാം.
പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ജംഗ്ഷന്‍ വരെ നടന്നാല്‍ മതി. അതിനായി മാത്രം സാരിയുടുക്കണം. വല്ലാത്ത മടി തോന്നി‍. സാരമില്ല.ഇന്ന്‌ ഈ കത്ത്‌ ഇവിടെനിന്നും പുറപ്പെടണം.ഇനിയുള്ള ദിവസങ്ങള്‍ കടന്നുകിട്ടു‍വാന്‍ ആകെയുള്ളത്‌ അടുത്ത കത്തിനു വേണ്ടിയുള്ള കാത്തിരുപ്പു മാത്രമാണ്‌. അവിടെയും അങ്ങനെതയൊണല്ലോ.വേണമെങ്കില്‍ പോസ്റ്റുചെയ്യാന്‍ മറ്റാരെയെങ്കിലും ഏല്പിക്കാം.വിശ്വാസമില്ല. തപാല്‍പെട്ടി‍യിലിടാതെ ഇട്ടെന്നു്‌ കള്ളം പറയാമല്ലോ.അവിടെ കിട്ടി‍യാല്‍ കൃത്യം നാലാംപക്കം അടുത്തതിങ്ങെത്തും. എസ്‌.എം.എസ്സും ഇ മെയിലും സന്ദേശലോകം അടക്കി വാഴുന്ന ഈ കാലത്തും കയ്യക്ഷരരൂപം പൂണ്ട അല്പം മങ്ങിയ കടലാസുതയൊണ്‌ ഞങ്ങളുടെ ഹൃദയഭാഷ സാദ്ധ്യമാക്കുന്നത്‌. ആ തനിമയുള്ള ഊഷ്മളത മനസ്സിന്റെ സ്വകാര്യമാണ്‌. ആരോടും പറഞ്ഞറിയിക്കാനാവാത്ത ഒരു സൂക്ഷ്മാനുഭവം. ഒരിക്കലും നഷ്ടപ്പെടാത്ത സുഗന്ധം.
മടിയോടെയാണെങ്കിലും സാരിയുടുക്കുമ്പോള്‍ പിന്നി‍ല്‍ ചേച്ചിയുടെ അതൃപ്തിക്കും അമര്‍ഷത്തിനും ശബ്ദമുണ്ടായി."അവധി കിട്ടി‍യാലും വീട്ടി‍ലിരിക്കല്ല്‌.എങ്ങോട്ടാ‍ ഒരുങ്ങിക്കെട്ടി‍ എഴുന്നള്ളത്ത്‌?"ഒന്നം പറയാന്‍ തോന്നി‍യില്ല.പറഞ്ഞിട്ടു‍ കാര്യമില്ല.
കണ്ണാടിയുടെ മുമ്പില്‍ നോക്കി വെറുതെ ചിരിച്ചു. അല്പം ഉറക്കെത്തന്നെ‍ പറഞ്ഞു:"ദേ...ഇന്നയയ്ക്കുന്നു‍ണ്ടു് കേട്ടോ, നാളെത്തന്നെ കിട്ടും."
കണ്ണാടിയിലെ ആളിന്‌ ഇത്ര ഭംഗിയോ!!

ആകാശച്ചരിവില്‍ കറുത്ത മേഘങ്ങള്‍ കാണാം. വെയിലിനു മങ്ങല്‍. കുടയെടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്‌. നന്ദി.രാത്രിയിലും മഴയുണ്ടായിരുന്നു‍. ഇടവഴിയിലെ ചെമ്മണ്‍നിരത്തില്‍ ഉണങ്ങാത്ത വ്രണം പോലെ ഇടയ്ക്കിടെ വെള്ളം കെട്ടി‍ക്കിടക്കുന്നു‍. ആശാരിമാരുടെ പടിക്കലാണ്‌ കൂടുതല്‍. വേനല്‍ക്കാലത്തും അവിടെ ആകെ അളിപിളിയാണ്‌.മീനാക്ഷിപ്പണിക്കത്തി എതിരെ വരുന്നു‍.
"അയ്യോ,ഇന്നെന്താ താമസിച്ചുപോയേ?"അവരുടെ കണ്ണുകളില്‍ ഉല്‍ക്കണ്ഠ നിറഞ്ഞു.
"ഇന്നവധിയാ.പോസ്റ്റാപ്പീസുവരെ പോകാനിറങ്ങിയതാ."പണിക്കത്തിക്ക്‌ തൃപ്തിയായി. അവര്‍ വേലിയിറമ്പില്‍ ഒതുങ്ങിനിന്നു‍.
ഇന്നയച്ചാല്‍ നാളെ, അല്ലെങ്കില്‍ തിങ്കളാഴ്ച അവിടെ കിട്ടും. അന്നു തന്നെ‍ അടുത്തത്‌ ഇങ്ങട്ടെഴുതും. ബുധനാഴ്ചയെങ്കിലും ഇവിടെത്തും. വാസ്തവത്തില്‍ ഈ അക്ഷരങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ മുന്നോട്ടു‍ നയിക്കുന്നത്‌. ഇതുകൂടിയില്ലെങ്കില്‍.....ഈശ്വരാ...അവിടെ ജീവിതം വഴിമുട്ടി‍ നില്ക്കും.
ഇഷ്ടമില്ലാത്ത എല്ലാത്തില്‍ നിന്നം ഓടിയെത്താവുന്ന സങ്കേതം. അഭയാക്ഷരങ്ങള്‍.
ടാറിട്ട റോഡില്‍ കയറിയപ്പോള്‍ ജംഗ്ഷനില്‍ വന്നു തിരിച്ചിടുന്ന ബസ്സ്‌ കണ്ടു. ഇനി അതില്‍നിന്നി‍റങ്ങിവരുന്ന പലരോടും മീനാക്ഷിപ്പണിക്കത്തിയോടു പറഞ്ഞത്‌ ആവര്‍ത്തിക്കേണ്ടിവരും.
പ്രതീക്ഷിച്ചതുതന്നെ‍ സംഭവിച്ചു. ലോഹ്യങ്ങള്‍ വിരസമാണ്‌, അനാവശ്യവും.
പോസ്റ്റോഫീസിന്റെ വരാന്തയില്‍ ആരുമുണ്ടായിരുന്നി‍ല്ല. നല്ല സന്തോഷം തോന്നി‍. അകത്തിരിക്കുന്ന മാസ്റ്റര്‍ക്ക്‌ ചുവരിന്റെ മറവുകൊണ്ട്‌ കത്ത്‌ പെട്ടി‍യിലിടുന്നവരെ കാണാന്‍ കഴിയാത്തത്‌ ഭാഗ്യം.
കുട മടക്കി പടികള്‍ കയറി തിണ്ണയിലെ തൂണില്‍ ഘടിപ്പിച്ച ചുവന്ന പെട്ടി‍യുടെ സമീപത്തേക്ക്‌ നടന്നു. പെട്ടി‍യുടെ പിളര്‍ന്ന വായ എപ്പോഴും എല്ലാ കത്തുകളും സ്വീകരിക്കാന്‍ തയ്യാറാണ്‌.
അപ്പോഴാണ്‌, അപ്പോള്‍ മാത്രമാണോര്‍ത്തത്‌:-കത്തെടുക്കാന്‍ മറന്നുപോയല്ലോ!

3 comments:

  1. വല്ലാതെ കൃത്രിമമായ കഥ.ഒരു ഘട്ടത്തിൽ കഥയിലെ വാചകം “ഇനിയുള്ള ദിവസങ്ങൾ കടന്നുകിട്ടുവാൻ ആകെയുള്ളത് അടുത്ത കത്തിനുവേണ്ടിയുള്ള കാത്തിരുപ്പ് മാത്രമാണ്”. മറ്റൊരിടത്ത് “ദേ ഇന്നയക്കുന്നുണ്ട് കേട്ടോ നാളെത്തന്നെ കിട്ടും’ കത്തിലെ ആളിന് ഇത്ര ഭംഗിയോ!“ ഇത്രയും ഉത്സാഹത്തോടെ ജീവിതത്തിന്റെ ഏകപ്രതീക്ഷയായി ആ കത്തിനെ കാണുന്നയാളാണ്.നാലു ദിവസമായി കത്ത് ബാഗിലിട്ടു നടന്നിട്ട് മറന്നുപോകുന്നത്!!! ഹൊ എത്ര അപാരമായി ശ്രമിച്ചാലാണ് അങ്ങനെ മറക്കാൻ കഴിയുക!

    ReplyDelete
  2. സനാതനാ,
    കത്തിലെ ആളിനല്ല,കണ്ണാടിയിലെ ആളിനാണ് ഇത്ര ഭംഗിയോ എന്നുള്ളത്.
    -സുരേഷ് ഐക്കര

    ReplyDelete
  3. MATTU RANDU KADAKALIL NINNU ETHU ISTAMAYI
    NALLA AVATHRANA SHILI

    ReplyDelete