Friday, September 18, 2009

രണ്ടു കാമചാരികള്‍

ഒന്ന്
പെട്ടെന്ന് ഹേമ വല്ലാത്തൊരു അവസ്ഥയിലേക്കുകുത്തനെ പതിച്ചു.മഹേഷുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍ കാമവിവശയായി അവള്‍ ഉരുകി.ഭര്‍ത്താവിന് വെളുപ്പിനെ പോകേണ്ടി വന്നതിനാലാണ് പതിവിലും നേരത്തെ അവള്‍ ഉണര്‍ന്നത്.നെത്സണ്‍ മണ്ഡേല റോഡിലുള്ള ഒരു വസതിയിലും അപ്പോള്‍വിളക്കുകള്‍ തെളിഞ്ഞിരുന്നില്ല.പ്രഭാത സവാരിക്കാര്‍ മാത്രം നടക്കാനിറങ്ങിയിരുന്നു.
അവള്‍ തനിച്ചായപ്പോഴാണ് പെട്ടെന്ന് മഹേഷിന്റെ രൂപം മനസ്സിലേക്ക് ആര്‍ത്തി പിടിച്ചെത്തിയത്.
എന്നും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവള്‍ നൂറാവര്‍ത്തി മഹേഷിന്റെ നാമം മന്ത്രിച്ച് രൂപം ആവാഹിച്ചെടുക്കും.അതുമാത്രം മനസ്സില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ കടന്നാക്രമണം.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണവിധേയത്വത്തില്‍കിടന്നുകൊടുക്കുമ്പോഴും വിയര്‍ത്തുകിതച്ച് അയാളുറങ്ങുമ്പോഴും അവളുടെ മനസ്സിലെ ആവാഹനരൂപത്തിന് മാറ്റം വരാറില്ല.
മഹേഷിനെക്കുറിച്ച് എല്ലാംതന്നെ അവള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.ജങ്ഷനില്‍ എസ്.ടി.ഡി.ബൂത്തും ഡി.ടി.പി.സെന്ററും നടത്തുന്ന മഹേഷ് നെത്സണ്‍ മണ്ഡേല റോഡിലെ ആറു വീടുകള്‍ക്കപ്പുറത്ത് ഒന്‍പതാം നമ്പര്‍വീടുവാങ്ങി താമസം തുടങ്ങിയിട്ട് രണ്ടുവര്ഷം കഴിഞ്ഞിരിക്കുന്നു.ഗൃഹപ്രവേശത്തിനു ക്ഷണിക്കാന്‍ അയാള്‍ഭാര്യയോടൊപ്പം വന്നപ്പോഴാണ് ആദ്യമായി സംസാരിക്കുന്നത്.അതിനുമുമ്പ് മഹാത്മാഗാന്ധി റോഡിലെ ഏതോ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു അവര്‍.
ഇവിടെ വന്നതിനുശേഷമാണ് അയാളെ ശ്രദ്ധിക്കാന്‍തുടങ്ങിയത്.കോളേജിലേക്കു പോകുമ്പോഴും മടങ്ങുമ്പോഴുമൊക്കെ അയാള്‍ അഭിമുഖമായി ചുവന്ന ബൈക്കില്‍ കടന്നുപോകാറുണ്ട്.ചിലപ്പോള്‍ ഒറ്റയ്ക്ക്,ചിലപ്പോള്‍ ഭാര്യയോടൊപ്പം.എപ്പോഴായാലും ബൈക്കുനിര്‍ത്തി എന്തെങ്കിലും സംസാരിക്കും.ഒറ്റയ്ക്കായിരിക്കുമ്പോള്‍ചിലപ്പോഴൊക്കെ ലിഫ്റ്റു തന്നിട്ടുമുണ്ട്.
എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത,സുമുഖന്‍ എന്നുപോലും പറയാനാവാത്ത മഹേഷില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് ഹേമയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അയാളെ കാണുമ്പോള്‍‍, ശബ്ദം കേള്‍ക്കുമ്പോള്‍‍,ഉടലാകെ ഒരുതരം തരിപ്പുപടരുന്നു.അരക്കെട്ടില്‍ഒരു കാവടിയാട്ടം.പാന്റീസില്ഒരു നനവ്.
മറ്റൊരു പുരുഷനോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.ഹേമ സ്വയം പറഞ്ഞു:എനിക്കയാളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ശരീരം അടങ്ങില്ല.

ഇന്നലെ ബസ്റ്റോപ്പില്‍ വെച്ച് അയാളുടെ ഭാര്യയെ കണ്ടു.ലോഹ്യം പറച്ചിലിനിടയില്‍ അച്ഛന്റെ അസുഖം പ്രമാണിച്ച് രണ്ടുദിവസം അച്ഛനോടൊത്തു ചിലവഴിക്കാന്‍ സ്വന്തം വീട്ടിലേക്കു പോവുകയാണെന്നും രണ്ടു ദിവസത്തേക്കുള്ള മഹേഷിന്റെ ആഹാരം ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടെന്നും ഹേമ മനസിലാക്കി.

അപ്പോള്‍ നിമിഷം മഹേഷ് അയാളുടെ വീട്ടില്‍ തനിച്ചാണ്.അവളുടെ ഓരോ അണുവും അയാള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.

കതകുപൂട്ടി ഗേറ്റുതുറന്ന് അവള്‍നെത്സണ്‍ മണ്ഡേല റോഡിലേക്കിറങ്ങി ഒന്പതാം നമ്പര്‍ വീട് ലക്ഷ്യമാക്കി നടന്നു.

രണ്ട്

കടുത്ത ഏകാന്തതയുടെ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റ മഹേഷ് വാതില്‍ തുറന്ന് മുറ്റത്തിറങ്ങി.അരണ്ട വെളിച്ചവും നേര്‍ത്ത തണുപ്പുമുണ്ട്.മുറ്റത്തു കിടക്കുന്ന പത്രമെടുക്കാനായി ഗേറ്റിനു സമീപത്തേക്കു നടക്കുമ്പോഴാണ് പച്ച മാരുതിയില്‍ഹേമയുടെ ഭര്‍ത്താവ് സ്വയം ഡ്രൈവു ചെയ്തു പോകുന്നതു കണ്ടത്.പെട്ടെന്ന് ഒരൊറ്റനിമിഷം കൊണ്ട് അയാളുടെ ഉടലില്ഒരു മിന്നലാട്ടം പടര്‍ന്നു.

നെത്സണ്‍ മണ്ഡേല റോഡിലെ മൂന്നാംനമ്പര്‍ വീട്ടില്‍ ഇപ്പോള്‍ഹേമ ഒറ്റയ്ക്കാണെന്ന ബോധം അയാളുടെ സര്‍വ്വാംഗങ്ങളെയും കോരിത്തരിപ്പിച്ചു.പതിവുപോലെ ഇന്നലെ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് നൂറാവര്‍ത്തി ഹേമയുടെ പേരുരുവിട്ട് രൂപം ആവാഹിച്ചതാണ്. വീട്ടില്‍ ഭാര്യയില്ലാതുറങ്ങുന്ന ആദ്യരാത്രിയായിരുന്നു അത്.അയാള്‍തനിച്ചായ രാത്രിയില്‍ ആര്‍ത്തി പിടിച്ച് മനസിലേക്കെത്തിയ ഹേമ അവിടെ ഇരിപ്പുറപ്പിച്ചു.

എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് അയാള്‍ ഹേമയുടെ നാമം നൂറാവര്ത്തി മന്ത്രിച്ച് രൂപത്തെ ധ്യാനിച്ചാവാഹിക്കും.അതുമാത്രം മനസില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭാര്യയുടെ പടര്‍ന്നുകയറല്‍‍.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണമായി സഹകരിക്കുമ്പോഴും വിയര്‍ത്തുകിതച്ച് അവളുറങ്ങുമ്പോഴും അയാളുടെ മനസിലെ ആവാഹനരൂപത്തിനു മാറ്റം വരാറില്ല.
ഹേമയെക്കുറിച്ചെല്ലാംതന്നെ അയാള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.വിമണ്‍സ് കോളേജിലെ അദ്ധ്യാപികയായ ഹേമയെ എസ്.ടി.ഡി.ബൂത്തിലിരുന്ന് പലപ്പോഴും കണ്ടിട്ടുണ്ട്.ഭംഗിയായുടുത്ത സാരിയുടെ ഞൊറിവുകളാണ് ആദ്യം കണ്ണില്‍ പെട്ടത്.മഹാത്മാഗാന്ധിറോഡിലെ വസതിയില്‍ വാടകയ്ക്കു താമസിക്കുന്ന നാളുകള്‍ മുതലേ ശ്രദ്ധിച്ചുതുടങ്ങിയതാണ്.പിന്നീട് നെത്സണ്‍മണ്ഡേല റോഡില്‍വീടു വാങ്ങി താമസം തുടങ്ങിയ ശേഷമാണ് അതേ റോഡില്‍തന്നെയാണ് അവളും താമസിക്കുന്നതെന്നറിഞ്ഞത്.ഗൃഹപ്രവേശത്തിന് ഹേമയെയും ഭര്‍ത്താവിനെയും ക്ഷണിച്ചിരുന്നു.അന്നാണ് ആദ്യമായി സംസാരിക്കുന്നത്.
പലപ്പോഴും വഴിയില്‍വെച്ച് അവളെ അഭിമുഖീകരിക്കാറുണ്ട്.ഒറ്റയ്ക്കു ബൈക്കില്‍ പോകുമ്പോള്‍ചിലപ്പോഴൊക്കെ ലിഫ്റ്റുകൊടുത്തിട്ടുമുണ്ട്.
എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത സുമുഖി എന്നുപോലും പറയാനാവാത്ത ഹേമയില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് മഹേഷിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അവളെ കാണുമ്പോള്‍‍, ശബ്ദം കേള്‍ക്കുമ്പോള്‍‍,ഉടലാകെ ഒരുതരം തരിപ്പു പടരുന്നു.അരക്കെട്ടില്‍ഒരു കാവടിയാട്ടം.ഉടല്‍മദ്ധ്യത്തില്‍ഒരനക്കം.
മറ്റൊരു സ്ത്രീയോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.മഹേഷ് സ്വയം പറഞ്ഞു:എനിക്കവളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ശരീരം അടങ്ങില്ല.
പുലര്‍ച്ചെ പച്ച മാരുതിയില്‍അവളുടെ ഭര്‍ത്താവ് പോകുന്നതു കണ്ടപ്പോള്‍ഇന്കംടാക്സ് ഓഫീസറായ അയാള്‍ഏതോ ആവശ്യത്തിനു ദൂരെയെവിടെയോ പോവുകയാണെന്നും ഉടനെ തിരിച്ചെത്താന്‍ സാദ്ധ്യതയില്ലെന്നും മഹേഷ് മനസിലാക്കി.
അപ്പോള്‍ നിമിഷം ഹേമ അവളുടെ വീട്ടില്‍ തനിച്ചാണ്.അയാളുടെ ഓരോ അണുവും അവള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.പെട്ടെന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് മഹേഷ് കുത്തനെ പതിച്ചു.ഹേമയുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍കാമവിവശനായി അയാള്‍ ഉരുകി.
കതകുപൂട്ടി ഗേറ്റുതുറന്ന് അയാള്‍നെത്സണ്‍മണ്ഡേല റോഡിലേക്കിറങ്ങി മൂന്നാം നമ്പര്‍വീട് ലക്ഷ്യമാക്കി നടന്നു.
മൂന്ന്
ഒന്പതാംനമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെത്സണ്‍മണ്ഡേല റോഡില്‍ ഇടയ്ക്കുവച്ച് കണ്ടുമുട്ടി.
അടുത്തെത്തിയപ്പോള്‍ അയാള്ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു:
പാലിതുവരെ കണ്ടില്ല.അതുനോക്കി റോഡിലേക്കിറങ്ങിയതാണ്.”
അയാള്‍ വിഷമിച്ച് ചിരിച്ചു.എന്നിട്ട് അവള്‍ചോദിക്കാതെതന്നെ അയാള്‍ പറഞ്ഞു:“ഞാനും.”
അപ്പോള്‍അവളും അതേ ചിരി ചിരിച്ചു.
ഇരുവരുടേയും മുമ്പില്‍കറുത്ത നെടുങ്കന്‍പാമ്പിനെപ്പോലെ നെത്സണ്‍ മണ്ഡേല റോഡ് നീണ്ടുകിടന്നു.


************************************************************************************




Saturday, September 12, 2009

രമണി

പകലുടനീളം നഗരം ചത്തുകിടക്കുകതന്നെയായിരുന്നു.എന്തോ ഒരു ഹര്‍ത്താലോ കരിദിനമോ മറ്റോ ആരോ ആഹ്വാനം ചെയ്തിരിക്കണം.സന്ധ്യയായപ്പോള്‍ നഗരത്തിന്റെ ചില ഭാഗങ്ങള്‍ അനങ്ങിത്തുടങ്ങി.പൂര്‍ണആരോഗ്യം വീണ്ടുകിട്ടാത്ത തളര്‍വാതരോഗിയെപ്പോലെ നഗരം ഏന്തിവലിഞ്ഞു നടക്കാന്‍ തുടങ്ങി.രണ്ടുദിവസമായി രമണി മുഴുപ്പട്ടിണിയിലാണ്‌.സന്ധ്യ കഴിഞ്ഞപ്പോള്‍ അവള്‍ ബസ്റ്റാന്റിലെത്തി വല വിരിച്ച്‌ ഇരയെ കാത്തിരുന്നു.ഇല്ല,ആരും വരുന്നില്ല.അവള്‍ എഴുന്നേറ്റ്‌ ബസ്റ്റാന്റിലെ കടയില്‍ ചെന്ന് ഒരു സോഡ പറഞ്ഞു.കടക്കാരന്‍ തികഞ്ഞ അവജ്ഞയോടെ അവളെ ഒന്നു നോക്കുകപോലും ചെയ്യതെ ചോദിച്ചു."കാശുണ്ടോ കയ്യില്‍?"
"ഇല്ല.കൊറച്ചുകഴീമ്പം തരാം"
"ങാ,എന്നാ കൊറച്ചുകഴീമ്പം വാ"അയാള്‍ മറ്റൊരു ഉപഭോക്താവിനുനേരെ തിരിഞ്ഞു.
രമണി നിരാശപ്പെട്ടില്ല.അവള്‍ക്കിതൊന്നും പുതുമയല്ലല്ലോ.വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇതൊക്കെ ആദ്യാനുഭവങ്ങളായിരുന്നു.അന്നതൊക്കെ മുള്ളുകളായിരുന്നു.ഇന്ന്....മുള്ളും പൂവും തമ്മില്‍ വ്യത്യാസമില്ലല്ലോ.അഥവാ മുള്ളുകള്‍ മാത്രമേയുള്ളുവല്ലോ.
ബസ്റ്റാന്റിന്റെ വടക്കേമൂലയ്ക്ക്‌ ഒരു യുവാവ്‌ ഒറ്റക്കു നില്‍ക്കുന്നതു കണ്ട രമണി സാവധാനം അങ്ങോട്ടു നടന്നു.അയാളെനോക്കി ഒന്നു ചിരിച്ച്‌ ഒരുവട്ടം കറങ്ങി തിരിച്ചുവരുമ്പോള്‍ ഏതോ ബസ്സില്‍ കയറാനായി അയാള്‍ ഓടുന്നു.അവള്‍ക്ക്‌ അയാളോട്‌ തികഞ്ഞ പുഛം തോന്നി.
അവളെ അറിയുന്നവര്‍ ഒരു നികൃഷ്ടജന്തുവിനോടെന്നവണ്ണം അവളെ വെറുപ്പോടുകൂടി നോക്കുകയും അകന്നുമാറിപ്പോവുകയുംചെയ്തു.ഇത്രയും നേരമായിട്ടും തനിക്കായുള്ള ഒരാള്‍പോലും എത്തിയിട്ടില്ല.മുമ്പൊക്കെ ഇത്രയും നേരമൊന്നും കാത്തിരിക്കേണ്ടിവന്നിട്ടില്ല.കാലം ചെല്ലുന്തോറും തന്റെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടുന്നു.ഇനിയങ്ങോട്ട്‌ കാത്തിരിപ്പിന്‌ അര്‍ത്ഥമില്ലാതെയും വന്നേക്കാം.ഒരിക്കലും വരാനില്ലാത്ത ഒരാളെ കാത്തിരുന്ന് കാത്തിരുന്ന്......ഒരുനിമിഷം രമണി ഭാവിയെക്കുറിച്ചൊന്നു ചിന്തിച്ചുപോയി.തൊട്ടടുത്തനിമിഷം തന്നെ അവള്‍ തിരുത്തി.പാടില്ല,പാടില്ല.തനിക്കതിന്‌ അവകാശമില്ല.
അതുവഴി ഒരു പോലീസ്ജീപ്പ്‌ സവധാനം കടന്നുപോയി.അപ്പോള്‍ രമണി ആരുടെയൊക്കെയോ പിന്നിലേക്ക്‌ വലിഞ്ഞൊളിച്ചു.
ഇന്നും പട്ടിണി തന്നെ ആയിരിക്കും ഫലം.ഈ നാട്ടിലെ പുരുഷന്‍മാരെല്ലാം സന്‍മാര്‍ഗികളും സദാചാരക്കാരുമായി മറിക്കഴിഞ്ഞോ?അവള്‍ നിരാശപ്പെട്ടു.
ബസ്റ്റാന്റിലെ അന്തേവസിയായ അനാഥപ്പട്ടി എവിടെനിന്നോവന്ന് രമണിയുടെ കാലടികളില്‍ ചുംബിച്ചു.ചേര്‍ന്നുനിന്ന് വാലാട്ടി.രമണിയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.അവള്‍ ആ നായയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു.അപ്പോള്‍ അവളുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ നായയുടെ നിറുകയില്‍ വീണു.പിന്നെ അതിനെ അടിച്ചുമാറ്റിക്കൊണ്ട്‌ അവള്‍ പറഞ്ഞു:
"നീയും പോ.എന്റടുത്തു വരണ്ട.പോ.പോ."
നായ വാലാട്ടിക്കൊണ്ട്‌ ഒന്നുകൂടി ചേര്‍ന്നുനിന്നു.
വയറു കത്തുകയാണ്‌.ഇനി പാതിരാത്രി കഴിഞ്ഞ്‌ വല്ല ലോറിക്കാരും വന്നെങ്കിലായി.അതുവരെ താന്‍ ജീവിച്ചിരിക്കുമോ?!
പതിവായി സ്റ്റാന്റിന്റെ പടിഞ്ഞാറെമൂലയ്ക്കു കിടന്നുറങ്ങുന്ന കുഷ്ടരോഗിയായ എസ്തേര്‍ അന്ന് നേരത്തെതന്നെ തെണ്ടല്‍ മതിയാക്കി തിരിച്ചെത്തി.അയാള്‍ ഞൊണ്ടി ഞൊണ്ടി രമണിയുടെ മുമ്പിലെത്തി മൂന്നുവിരലുകള്‍ ഉയര്‍ത്തി അവളെ കാണിച്ചു.അവള്‍ കണ്ണടച്ചു നിഷേധിച്ചു.അയള്‍ നാലു വിരലുകളുയര്‍ത്തി.അതും അവള്‍ നിഷേധിച്ചു.പിന്നെ അവള്‍ കണ്ണുകളില്‍ ദയനീയഭാവത്തോടെ അഞ്ചുവിരലുകള്‍ ഉയര്‍ത്തിക്കണിച്ചു.എസ്തേര്‍ തന്റെ മടിയില്‍നിന്ന് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി.നാലുരൂപ എഴുപത്തിയഞ്ച്‌ പൈസ.
രമണിയുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട്‌ നായ മറ്റൊരിടത്തേക്ക്‌ പിന്‍വാങ്ങി.രമണി മൂത്രപ്പുരയ്ക്കു പിന്നിലെ ഇരുട്ടില്‍ ഭിത്തിയോടുചേര്‍ന്നുനിന്ന് ഭക്ഷണം സ്വപ്നം കണ്ടു.അരികില്‍ ഓടയുടെ ദുര്‍ഗന്ധം.എല്ലാം ആകെ വൃത്തികേടാണ്‌.
എസ്തേര്‍ നാലേമുക്കാല്‍ രൂപ മുതലാക്കി തന്റെ മൂലയിലേക്കു പോയി.തട്ടുകടകള്‍ സജീവമായിത്തുടങ്ങി.രമണി ആര്‍ത്തിയോടെ ഒരു തട്ടുകടയിലേക്ക്‌ കയറിച്ചെന്ന് നാലുദോശ പറഞ്ഞ്‌ ബെഞ്ചിലിരുന്നു.അത്രയ്ക്കും അവള്‍ തളര്‍ന്നിരുന്നു.കടക്കാരന്‍ പറഞ്ഞു:"അവിടിരിക്കണ്ട.അപ്രത്തോട്ടു മാറി നിക്ക്‌."

Wednesday, September 9, 2009

കത്ത്

ഇന്നെങ്കിലും പോസ്റ്റ്‌ ചെയ്യണം.കഴിഞ്ഞ നാലുദിവസങ്ങളിലും കൊണ്ടുപോയെങ്കിലും മറന്നു.വൈകിട്ട് വന്നു് ബാഗു തുറക്കുമ്പോഴാണ്‌ മറന്നതോര്‍ക്കുന്നത്‌.
ഇന്ന്‌ ഓഫീസ്‌ അവധിയാണ്‌. തുണിയലക്കാന്‍ വീണുകിട്ടി‍യ ഒരിടവേള. പുറത്തിറങ്ങേണ്ടാത്ത ഒരു ദിവസം എന്നത്‌ വല്ലാത്ത മോഹമാണ്‌. പക്ഷെ ഇന്ന്‌ ഈ കത്ത്‌ പോസ്റ്റുചെയ്തേ മതിയാകൂ. മറുകുറി പ്രതീക്ഷിക്കുന്നയാളിന്റെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കുന്നത്‌ ക്രൂരമാണ്‌. പ്രതീക്ഷിക്കുന്ന കത്ത്‌ കിട്ടാ‍തെ വരുമ്പോഴുള്ള അവസ്ഥ നന്നായി അറിയാം.
പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ജംഗ്ഷന്‍ വരെ നടന്നാല്‍ മതി. അതിനായി മാത്രം സാരിയുടുക്കണം. വല്ലാത്ത മടി തോന്നി‍. സാരമില്ല.ഇന്ന്‌ ഈ കത്ത്‌ ഇവിടെനിന്നും പുറപ്പെടണം.ഇനിയുള്ള ദിവസങ്ങള്‍ കടന്നുകിട്ടു‍വാന്‍ ആകെയുള്ളത്‌ അടുത്ത കത്തിനു വേണ്ടിയുള്ള കാത്തിരുപ്പു മാത്രമാണ്‌. അവിടെയും അങ്ങനെതയൊണല്ലോ.വേണമെങ്കില്‍ പോസ്റ്റുചെയ്യാന്‍ മറ്റാരെയെങ്കിലും ഏല്പിക്കാം.വിശ്വാസമില്ല. തപാല്‍പെട്ടി‍യിലിടാതെ ഇട്ടെന്നു്‌ കള്ളം പറയാമല്ലോ.അവിടെ കിട്ടി‍യാല്‍ കൃത്യം നാലാംപക്കം അടുത്തതിങ്ങെത്തും. എസ്‌.എം.എസ്സും ഇ മെയിലും സന്ദേശലോകം അടക്കി വാഴുന്ന ഈ കാലത്തും കയ്യക്ഷരരൂപം പൂണ്ട അല്പം മങ്ങിയ കടലാസുതയൊണ്‌ ഞങ്ങളുടെ ഹൃദയഭാഷ സാദ്ധ്യമാക്കുന്നത്‌. ആ തനിമയുള്ള ഊഷ്മളത മനസ്സിന്റെ സ്വകാര്യമാണ്‌. ആരോടും പറഞ്ഞറിയിക്കാനാവാത്ത ഒരു സൂക്ഷ്മാനുഭവം. ഒരിക്കലും നഷ്ടപ്പെടാത്ത സുഗന്ധം.
മടിയോടെയാണെങ്കിലും സാരിയുടുക്കുമ്പോള്‍ പിന്നി‍ല്‍ ചേച്ചിയുടെ അതൃപ്തിക്കും അമര്‍ഷത്തിനും ശബ്ദമുണ്ടായി."അവധി കിട്ടി‍യാലും വീട്ടി‍ലിരിക്കല്ല്‌.എങ്ങോട്ടാ‍ ഒരുങ്ങിക്കെട്ടി‍ എഴുന്നള്ളത്ത്‌?"ഒന്നം പറയാന്‍ തോന്നി‍യില്ല.പറഞ്ഞിട്ടു‍ കാര്യമില്ല.
കണ്ണാടിയുടെ മുമ്പില്‍ നോക്കി വെറുതെ ചിരിച്ചു. അല്പം ഉറക്കെത്തന്നെ‍ പറഞ്ഞു:"ദേ...ഇന്നയയ്ക്കുന്നു‍ണ്ടു് കേട്ടോ, നാളെത്തന്നെ കിട്ടും."
കണ്ണാടിയിലെ ആളിന്‌ ഇത്ര ഭംഗിയോ!!

ആകാശച്ചരിവില്‍ കറുത്ത മേഘങ്ങള്‍ കാണാം. വെയിലിനു മങ്ങല്‍. കുടയെടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്‌. നന്ദി.രാത്രിയിലും മഴയുണ്ടായിരുന്നു‍. ഇടവഴിയിലെ ചെമ്മണ്‍നിരത്തില്‍ ഉണങ്ങാത്ത വ്രണം പോലെ ഇടയ്ക്കിടെ വെള്ളം കെട്ടി‍ക്കിടക്കുന്നു‍. ആശാരിമാരുടെ പടിക്കലാണ്‌ കൂടുതല്‍. വേനല്‍ക്കാലത്തും അവിടെ ആകെ അളിപിളിയാണ്‌.മീനാക്ഷിപ്പണിക്കത്തി എതിരെ വരുന്നു‍.
"അയ്യോ,ഇന്നെന്താ താമസിച്ചുപോയേ?"അവരുടെ കണ്ണുകളില്‍ ഉല്‍ക്കണ്ഠ നിറഞ്ഞു.
"ഇന്നവധിയാ.പോസ്റ്റാപ്പീസുവരെ പോകാനിറങ്ങിയതാ."പണിക്കത്തിക്ക്‌ തൃപ്തിയായി. അവര്‍ വേലിയിറമ്പില്‍ ഒതുങ്ങിനിന്നു‍.
ഇന്നയച്ചാല്‍ നാളെ, അല്ലെങ്കില്‍ തിങ്കളാഴ്ച അവിടെ കിട്ടും. അന്നു തന്നെ‍ അടുത്തത്‌ ഇങ്ങട്ടെഴുതും. ബുധനാഴ്ചയെങ്കിലും ഇവിടെത്തും. വാസ്തവത്തില്‍ ഈ അക്ഷരങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ മുന്നോട്ടു‍ നയിക്കുന്നത്‌. ഇതുകൂടിയില്ലെങ്കില്‍.....ഈശ്വരാ...അവിടെ ജീവിതം വഴിമുട്ടി‍ നില്ക്കും.
ഇഷ്ടമില്ലാത്ത എല്ലാത്തില്‍ നിന്നം ഓടിയെത്താവുന്ന സങ്കേതം. അഭയാക്ഷരങ്ങള്‍.
ടാറിട്ട റോഡില്‍ കയറിയപ്പോള്‍ ജംഗ്ഷനില്‍ വന്നു തിരിച്ചിടുന്ന ബസ്സ്‌ കണ്ടു. ഇനി അതില്‍നിന്നി‍റങ്ങിവരുന്ന പലരോടും മീനാക്ഷിപ്പണിക്കത്തിയോടു പറഞ്ഞത്‌ ആവര്‍ത്തിക്കേണ്ടിവരും.
പ്രതീക്ഷിച്ചതുതന്നെ‍ സംഭവിച്ചു. ലോഹ്യങ്ങള്‍ വിരസമാണ്‌, അനാവശ്യവും.
പോസ്റ്റോഫീസിന്റെ വരാന്തയില്‍ ആരുമുണ്ടായിരുന്നി‍ല്ല. നല്ല സന്തോഷം തോന്നി‍. അകത്തിരിക്കുന്ന മാസ്റ്റര്‍ക്ക്‌ ചുവരിന്റെ മറവുകൊണ്ട്‌ കത്ത്‌ പെട്ടി‍യിലിടുന്നവരെ കാണാന്‍ കഴിയാത്തത്‌ ഭാഗ്യം.
കുട മടക്കി പടികള്‍ കയറി തിണ്ണയിലെ തൂണില്‍ ഘടിപ്പിച്ച ചുവന്ന പെട്ടി‍യുടെ സമീപത്തേക്ക്‌ നടന്നു. പെട്ടി‍യുടെ പിളര്‍ന്ന വായ എപ്പോഴും എല്ലാ കത്തുകളും സ്വീകരിക്കാന്‍ തയ്യാറാണ്‌.
അപ്പോഴാണ്‌, അപ്പോള്‍ മാത്രമാണോര്‍ത്തത്‌:-കത്തെടുക്കാന്‍ മറന്നുപോയല്ലോ!